അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്: പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹര്‍ജി തള്ളി

അദാനിയുടെ സാമ്പത്തിക ക്രമക്കേടില്‍ ഹിന്‍ഡന്‍ബെര്‍ഗ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

author-image
Web Desk
New Update
അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്: പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹര്‍ജി തള്ളി

ദില്ലി: അദാനിയുടെ സാമ്പത്തിക ക്രമക്കേടില്‍ ഹിന്‍ഡന്‍ബെര്‍ഗ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. നിയമലംഘനം നടന്നോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധന നടത്തണമെന്നും നിയമം അനുസരിച്ച് നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണം മാറ്റി നല്‍കുക എന്നത് അസാധാരണ സാഹചര്യത്തിലാണ് തീരുമാനിക്കുക എന്ന് സുപ്രീം കോടതി വ്യക്തമാക്കി.വിദഗ്ധ സമിതി അംഗങ്ങള്‍ക്ക് അദാനിയുമായി ബന്ധമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് വിദഗ്ധ സമിതി നല്കിയ ശുപാര്‍ശകള്‍ നടപ്പാക്കണം. അന്വേഷണാത്മക പത്രപ്രവര്‍ത്തനം വഴി വരുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ സെബി പരിഗണിക്കണം. ഇത് തെളിവായി കണക്കാക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഓഹരി വിപണിയെ സ്വാധീനിച്ചോ എന്ന ആരോപണവും പരിശോധിക്കണം. സെബിയുടെ അന്വേഷണത്തിന് മൂന്ന് മാസത്തെ സമയം കൂടി സുപ്രീം് കോടതി അനുവദിച്ചു.

ഹര്‍ജിക്കാരെയും കോടതി വിമര്‍ശിച്ചു. ന്യായമായ വിഷയങ്ങള്‍ കൊണ്ടുവരാനാണ് പൊതുതാല്‍പര്യ ഹര്‍ജി.ആധികാരികമല്ലാത്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊതുതാല്പര്യ ഹര്‍ജികള്‍ നല്കരുതെന്നും കോടതി പറഞ്ഞു.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര്യ അന്വേഷണം വേണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹര്‍ജി. ഹര്‍ജികളുടെ അടിസ്ഥാനത്തില്‍,സംഭവം പരിശോധിക്കാന്‍ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു.

സെബിയുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതിക്ക് മുന്നില്‍ എത്തിയിരുന്നു. കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടെ അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങള സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

Supreme Court adani Latest News case newsupdate hindenburgh