
തൃശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരില്‍ വയോധികയെ പുഴുവരിച്ച സംഭവം വാര്‍ത്തയായതിന് പിന്നാലെ സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍. ജില്ലാ ട്രൈബല്‍ ഓഫീസറോട് സ്ഥലത്തെത്താന്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ നിര്‍ദേശിച്ചു. വയോധികയ്ക്ക് ചികിത്സ ഉറപ്പാക്കാനാണ് ട്രൈബല്‍ ഓഫീസറെ ചുമതലപ്പെടുത്തിയത്.
വീരന്‍കുടി ഊരിലെ കമലമ്മ പാട്ടിയാണ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശ നിലയിലായത്. പ്രധാന പാതയില്‍ നിന്നും 4 കിലോമീറ്റര്‍ ഉള്‍വനത്തിലാണ് വീരന്‍കുടി സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് വാഹനമെത്താത്തതിനാല്‍ കമലമ്മ പാട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഏഴു കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഊരില്‍ കമലമ്മ പാട്ടിയെ തണ്ടില്‍ ചുമന്ന് റോഡിലെത്തിക്കാന്‍ ആളുകളില്ല. അവശ നിലയിലായ വയോധികയുടെ മുറിവില്‍ ഇതിനിടെ പുഴുവരിക്കുകയായിരുന്നു. അടിയന്തര ഇടപെടല്‍ വേണമെന്ന് വാര്‍ഡ് മെമ്പര്‍ നിങ്കലപ്പന്‍ ആവശ്യപ്പെട്ടിരുന്നു.
ഊരിലെത്തി ചികിത്സ നല്‍കണമെന്ന് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോടും ആരോഗ്യ വകുപ്പിനോടും നേരത്തെ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതി ഉയര്‍ന്നു.
കളക്ടര്‍ ഇടപെട്ടതോടെ കമലമ്മ പാട്ടിയുടെ ചികിത്സക്കായി മെഡിക്കല്‍ സംഘം പുറപ്പെട്ടിട്ടുണ്ട്. അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ നിന്നുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആണ് പുറപ്പെട്ടത്.
അതിരപ്പള്ളി മലക്കപ്പാറ പാത അടച്ചത് കൊണ്ട് തൃശൂര്‍ - പൊള്ളാച്ചി വഴി വേണം സംഘത്തിന് മലക്കപ്പാറയില്‍ എത്താന്‍. മെഡിക്കല്‍ സംഘം മലക്കപ്പാറയില്‍ എത്തിയ ശേഷമായിരിക്കും കമലമ്മ പാട്ടിയെ പുറത്തെത്തിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക.