മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരെ മെഡിസെപ്പില്‍ നിന്ന് ഒഴിവാക്കി

മെഡിസെപ്പ് പരിരക്ഷയില്‍ നിന്നും മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരെ ഒഴിവാക്കി.

author-image
anu
New Update
മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരെ മെഡിസെപ്പില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: മെഡിസെപ്പ് പരിരക്ഷയില്‍ നിന്നും മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരെ ഒഴിവാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഹരി ഉപയോഗം നിര്‍ത്തിയവരാണെങ്കിലും മെഡിസെപ്പ് ആനുകൂല്യം ലഭിക്കില്ല. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട് മെഡിസെപ്പിന്റെ കരാര്‍ കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷൂറന്‍സിനോട് സര്‍ക്കാര്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

ലഹരി ഉപയോഗം മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടാവില്ലെന്ന വ്യവസ്ഥ ആദ്യം മുതല്‍ ഉണ്ടായിരുന്നു. തുടര്‍ച്ചയായി ലഹരി ഉപയോഗിക്കുന്നവരെന്ന് ഡോക്ടര്‍ കേസ് ഷീറ്റില്‍ എഴുതുന്നവര്‍ക്ക് പരിരക്ഷ ഒരുഘട്ടത്തില്‍ നിഷേധിച്ചിരുന്നു. വല്ലപ്പോഴും ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

കരാര്‍ എടുത്തതിനേക്കാള്‍ കൂടുതല്‍ പണം ഇന്‍ഷൂറന്‍സ് കമ്പനിക്ക് മുടക്കേണ്ടിവന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. മെഡിസെപ്പ് പരിരക്ഷ ഉള്ളയൊരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ രോഗിയുടെ ചികിത്സസംബന്ധമായ എല്ലാ കാര്യങ്ങളും കമ്പനിയെ അറിയിച്ചിരിക്കണം.

ഇതില്‍ ലഹരി ഉപയോഗമുണ്ടെന്നോ, ഉപയോഗിച്ചിരുന്നെന്നോ രേഖപ്പെടുത്തിയാല്‍ ആനുകൂല്യം റദ്ദാക്കപ്പെടും. മുന്‍പ് ലഹരി ഉപയോഗിച്ചിരുന്നെങ്കിലും രോഗ കാരണം അതല്ലെന്ന് ഡോക്ടര്‍ കേസ് ഷീറ്റില്‍ എഴുതിയാലും ഇന്‍ഷൂറന്‍സ് കമ്പനി പണം നല്‍കില്ല. എന്നാല്‍ കമ്പനിയുടെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

മദ്യപാനവും പുകവലിയും മൂലം രോഗം ബാധിക്കുന്നവര്‍ ചികിത്സ തേടിയാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാത്തതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ വര്‍ഷങ്ങളായി ലഹരി ഉപയോഗം നിര്‍ത്തിയ മെഡിസെപ്പ് പരിരക്ഷ ഉള്ളവര്‍ക്ക് ആനുകൂല്യം നല്‍കാത്തതിനോട് ധനവകുപ്പിന് വിയോജിപ്പുണ്ട്. ഇക്കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Latest News kerala news medisep