/kalakaumudi/media/post_banners/2af828ca7193686044dfd66c465ebcb9560026a984009b3745fb0c37aee6db56.jpg)
കെ.പി.രാജീവന്‍
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന പള്ളിക്ക് പ്രവാചകന്‍ മുഹമ്മദ് നബിയുടെ പേരിടാനും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ വാസ്തുവിദ്യയനുസരിച്ച് രൂപരേഖ തയ്യാറാക്കാനും തീരുമാനം. നേരത്തെ ഇന്ത്യന്‍ ശൈലിയില്‍ നിര്‍മ്മിക്കാനായിരുന്നു തീരുമാനം. ഇന്തോ - ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സുഫര്‍ ഫാറൂഖിയാണ് ഇക്കാര്യം അറിയിച്ചത്. രാമജന്മഭൂമി - ബാബറി മസ്ജിദ് കേസിലെ
സുപ്രീം കോടതി വിധിയനുസരിച്ച് ധനിപൂര്‍ ഗ്രാമത്തിലെ അഞ്ച് ഏക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മ്മിക്കുന്നത്.
പുതിയ രൂപരേഖ തയ്യാറാക്കിയത് പൂനെ ആസ്ഥാനമായ ആര്‍ക്കിടെക്റ്റ് ആണ്. ഈ രൂപരേഖ വെളളിയാഴ്ച മുംബൈയില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗം അംഗീകരിച്ചു. ആദ്യ രൂപരേഖയിലുള്ളതിനേക്കാള്‍ വലിപ്പത്തിലാണ് പുതിയ ഡിസൈന്‍. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ അയ്യായിരത്തിലധികം ആളുകള്‍ക്ക് ഒരേ സമയം പുതിയ പള്ളിയില്‍ പ്രാര്‍ത്ഥന നടത്താനാകും. വെളളിയാഴ്ച ചേര്‍ന്ന ഐഐസിഎഫ് എന്ന ട്രസ്റ്റിന്റെ യോഗത്തില്‍ ഇസ്ലാം മതത്തിലെ വിവിധ വിഭാഗങ്ങളായ സുന്നി, ഷിയ, ബറേല്‍വി, ദേവബന്ദി എന്നിവയില്‍ നിന്നുള്ള പുരോഹിതന്മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
300 കിടക്കകളുള്ള കാന്‍സര്‍ ആശുപത്രിയും
അയോദ്ധ്യയില്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന വലിയ മസ്ജിദിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ സുഫര്‍ ഫാറൂഖി പറഞ്ഞു. ഇതോടൊപ്പം 300 കിടക്കകളുള്ള ഒരു ചാരിറ്റബിള്‍ കാന്‍സര്‍ ആശുപത്രിയും നിര്‍മ്മിക്കും. ഫാര്‍മ കമ്പനിയായ വോക്ക് ഹാര്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. ഹബില്‍ ഖൊരാകിവാലയാണ് ഒരു ചാരിറ്റി പ്രവര്‍ത്തനമെന്ന നിലയില്‍ ആശുപത്രി സ്ഥാപിക്കാന്‍ മുന്നോട്ട് വന്നത്.
യു.പി ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഐഐസിഎഫ് ട്രസ്റ്റ് പള്ളിക്ക് വേണ്ടിയുള്ള ധനസമാഹരണ കാമ്പയിന്‍ ആരംഭിച്ചതായും ചെയര്‍മാന്‍ വ്യക്തമാക്കി. ട്രസ്റ്റ് അയോദ്ധ്യ വികസന അതോറിറ്റിക്ക് ഡവലപ്പ്‌മെന്റ് ചാര്‍ജ്ജായി ഒരു കോടി രൂപ നല്‍കാനുണ്ട്.
നിര്‍ദ്ദിഷ്ട പള്ളിയുടെയും ആശുപത്രിയുടെയും പ്ലാന്‍ അതോറിറ്റിയുടെ പക്കലാണ്. അയോദ്ധ്യയിലെ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും 22 കിലോമീറ്റര്‍ അകലെയാണ് ധനിപൂര്‍ ഗ്രാമം. മസ്ജിദ് സമുച്ചയത്തിനുള്ള സ്ഥലം സംസ്ഥാന സര്‍ക്കാര്‍ യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് നല്‍കിയിരുന്നു.