നിയമസഭയിലേക്ക് ജയിച്ച 10 എംപിമാര്‍ രാജിവെച്ചു; കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത

By priya.06 12 2023

imran-azhar

 

ഡല്‍ഹി: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയുടെ 12 എംപിമാരില്‍ 10 പേര്‍ രാജിവച്ചു.

 

കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്. ബിജെപിയുടെ പത്ത് നേതാക്കള്‍ എംപി സ്ഥാനം രാജിവെച്ചെങ്കിലും കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍ രാജിവെച്ചിട്ടില്ല.വൈകാതെ തന്നെ ഇവരും രാജിവയ്ക്കും.

 

കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ രാജിവെച്ചതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ തന്നെ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. രാജിവെച്ച എംപിമാര്‍ക്ക് സംസ്ഥാനങ്ങളില്‍ നിര്‍ണായക ചുമതലകള്‍ നല്‍കിയേക്കും.

 

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി രാജിവെച്ച എംപിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെയും അധ്യക്തയില്‍ ചേര്‍ന്ന യോഗത്തിനു പിന്നാലെയാണ് എംപിമാരുടെ രാജി. നരേന്ദ്ര സിംങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ എന്നിവര്‍ക്ക് പുറമെ മധ്യപ്രദേശില്‍നിന്നുള്ള രാകേഷ് സിങ്, ഉദയ് പ്രതാപ്, റിതി പതക്, ഛത്തീസ്ഗഡില്‍നിന്നുള്ള അരുണ്‍ സഹോ, ഗോമതി സായി, രാജസ്ഥാനില്‍നിന്നുള്ള രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, കിരോടി ലാല്‍ മീണ, ദിയ കുമാരി എന്നിവരാണ് രാജിവച്ചത്.

 

നരേന്ദ്ര സിങ് തോമറും പ്രഹ്ലാദ് പട്ടേലും എംപി സ്ഥാനത്തിന് പുറകെ കേന്ദ്ര മന്ത്രിസ്ഥാനവും രാജിവെച്ചിട്ടുണ്ട്. കിരോടി ലാല്‍ മീണ മാത്രമാണ് രാജ്യസഭയില്‍ നിന്നും രാജിവച്ചത്.

 

OTHER SECTIONS