/kalakaumudi/media/post_banners/4421b0bf2d148aa790a811e9325996320d356440d71dc2fd132eaff82039ef4a.jpg)
ബി.വി. അരുൺ കുമാർ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റ് സിപിഎമ്മിനോട് ഏറ്റെടുക്കണമെന്ന് സിപിഐ. പകരം സംസ്ഥാനത്തെ മറ്റേതെങ്കിലും മണ്ഡലം നൽകണമെന്നും സിപിഐയിലെ ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പു സംബന്ധിച്ച് സിപിഐയിൽ സ്ഥാനാർത്ഥി നിർണയവും വിജയസാധ്യതകളുള്ള മണ്ഡലങ്ങളെയും കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു. ഈ ചർച്ചകൾക്കിടയിലാണ് തലസ്ഥാന മണ്ഡലം സിപിഎമ്മിനു വിട്ടുകൊടുക്കാൻ ചില നേതാക്കൾ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് എന്നീ നാലു സീറ്റുകളാണ് സിപിഐയ്ക്കു നൽകിയിട്ടുള്ളത്. തിരുവനന്തപുരം സീറ്റ് വിട്ടുകൊടുത്ത് മറ്റേതെങ്കിലും നൽകാൻ സിപിഎമ്മിനോട് ആവശ്യപ്പെടണമെന്നാണ് ഒരുവിഭാഗം നേതാക്കൾ സംസ്ഥാന സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെ മറ്റുവിഭാഗം നേതാക്കൾ എതിർക്കുന്നുമുണ്ട്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്കു ലഭിക്കുന്ന സീറ്റുകളിൽ സമ്പൂർണ വിജയമാണ് സിപിഐ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഐക്ക് ലഭിച്ച എല്ലാ സീറ്റുകളിലും കനത്ത തോൽവിയാണ് പാർട്ടി ഏറ്റുവാങ്ങിയത്.
ഇത്തവണ സംസ്ഥാനത്ത് എൽഡിഎഫിന് വിജയസാധ്യത കൂടുതലാണെന്നും അതു മനസിലാക്കി പാർട്ടി പ്രവർത്തകർ പ്രവർത്തിക്കണമെന്നും സംസ്ഥാന നേതാക്കൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
2009 മുതൽ തുടർച്ചയായി മൂന്ന് തവണയാണ് കോൺഗ്രസിലെ ശശി തരൂർ തിരുവനന്തപുരത്ത് നിന്ന് വിജയിച്ചത്. തരൂരും രാഹുൽഗാന്ധിയും സിറ്റിങ് എംപിമാരാകുന്ന തിരുവനന്തപുരത്തും വയനാടും കടുത്ത പോരാട്ടമാണ് സിപിഐക്ക് മുന്നിൽ കാണുന്നത്.
എന്നാൽ ബിജെപി ലക്ഷ്യം വയ്ക്കുന്ന മണ്ഡലങ്ങളിലൊന്ന് തിരുവനന്തപുരമാണെന്നും അതിനാൽ ഇപ്പോൾ ഈ സീറ്റ് വിട്ടുകൊടുത്താൽ അവരെ ഭയന്ന് പിന്നോക്കം മാറുന്നതാണെന്ന ആക്ഷേപമുണ്ടാകുമെന്നും ചില സിപിഐ നേതാക്കൾ പറയുന്നുണ്ട്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂർ 416131 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപി ആയിരുന്നു. 316142 വോട്ടുകൾ നേടി കുമ്മനം രാജശേഖരനാണ് രണ്ടാമതെത്തിയത്. സിപിഐയുടെ സി. ദിവാകരന് 258556 വോട്ടുകൾ മാത്രമേ നേടാനായുള്ളു.
2005ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രൻ വിജയിച്ചശേഷം മറ്റൊരു നേതാക്കൾക്കും തിരുവനന്തപുരം മണ്ഡലത്തിൽ വിജയിക്കാനായിട്ടില്ല. 2009ൽ സിപിഐയിലെ അഡ്വ. പി. രാമചന്ദ്രൻ നായരാണ് ശശി തരൂരിനു തൊട്ടു പിന്നിൽ വന്നത്.
എന്നാൽ അതിനു ശേഷം നടന്ന ഒരു തിരഞ്ഞെടുപ്പിലും സിപിഐയ്ക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. മാത്രമല്ല ബിജെപിയും കടുത്ത മത്സരം കാഴ്ച വച്ചതോടെ മൂന്നാം സ്ഥാനത്തേക്ക് പാർട്ടി പിന്തള്ളപ്പെട്ടു. ഇത്തവണ തിരുവനന്തപുരം മണ്ഡലം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബിജെപി.
ഈ സാഹചര്യത്തിൽ സിപിഐയിലെ ആരെ തലസ്ഥാന മണ്ഡലത്തിൽ മത്സരിപ്പിക്കുമെന്ന ആശയക്കുഴപ്പവും സിപിഐയിലുണ്ട്. കരുത്തനായ ഒരാളെ നിർത്തിയാൽ മാത്രമേ തരൂരിനെ പോലുള്ള ഒരാളെ അട്ടിമറിയിലൂടെ തോൽപ്പിക്കാനാകൂ.
തിരഞ്ഞെടുപ്പിന്റെ പ്രാരംഭ ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ സിപിഐയിലെ ചില മുതിർന്ന നേതാക്കൾ വീണ്ടും തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കണമെന്ന ആഗ്രഹവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ആ നേതാക്കളിൽ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കിയാൽ കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം കുറയുമെന്നതാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഇതുകൂടി കണക്കിലെടുത്താണ് തിരുവനന്തപുരം മണ്ഡലം സിപിഎമ്മിനോട് ഏറ്റെടുക്കാൻ സിപിഐ ആവശ്യപ്പെടുന്നത്.
അതിനിടെ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോഗ്യപ്രശ്‌നങ്ങൾ കാരണം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ നീക്കം പാർട്ടിക്ക് തലവേദനയാകുമെന്നും ചില നേതാക്കൾ പറയുന്നു.
തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണ ചുമതല മറ്റ് ചില മുതിർന്ന നേതാക്കളെ ഏൽപ്പിക്കുന്ന കാര്യം സിപിഐ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്.
ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി എന്നിവരെ കൂടാതെ അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരൻ, പി.പി സുനീർ എന്നിവരുൾപ്പെടെയുള്ള ഏതാനും നേതാക്കൾ ഇപ്പോൾ സംസ്ഥാന തലസ്ഥാനത്തെ പാർട്ടി സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വമാണ് പാർട്ടി പ്രചാരണത്തിന് നേതൃത്വം നൽകുന്ന മറ്റൊരു മുതിർന്ന നേതാവ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
