/kalakaumudi/media/post_banners/38a8fc405677a7bdc30bc8444fc9645e7f05ac24be3b3856820b7bd6a55d3f80.jpg)
കോട്ടയം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്ക് നേരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ എതിര്‍പ്പുമായി ദീപിക ദിനപത്രം. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ എന്തും വിളിച്ചുപറയാന്‍ മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയും ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറഞ്ഞു.
ക്രൈസ്തവര്‍ എന്തുരാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കണമെന്നതിന് ഇവരെപ്പോലെയുള്ളവരുടെ ഉപദേശം ആവശ്യമില്ല. തങ്ങള്‍ ചെയ്യുന്നത് ശരിയും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ തെറ്റും എന്ന വിരോധാഭാസത്തെ രാഷ്ട്രീയ പ്രത്യശാസ്ത്രമായി കൊണ്ടുനടക്കുന്നവരില്‍ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ല. മന്ത്രിയുടെ ലജ്ജാകരമായ പ്രതികരണം അതുകൂടുതല്‍ വ്യക്തമാക്കുന്നു- ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.
സജി ചെറിയാന്‍ വിളമ്പിയ മാലിന്യം ആസ്വദിച്ചു രോമാഞ്ചം കൊള്ളുന്നവരോടു പറയട്ടെ, കൊടിയ പീഡനങ്ങളും അവഹേളനങ്ങും ഒരുപാട് ഏറ്റുവാങ്ങിയിട്ടുള്ളവരാണ് ആഗോള ക്രൈസ്തവര്‍. അതില്‍ കമ്മ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയൊക്കെയെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ക്രൈസ്തവര്‍ക്കുനേരെ നടത്തുന്ന ആക്ഷേപങ്ങള്‍ മറ്റേതെങ്കിലും സമുദായത്തെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനാണോ എന്ന് സംശയിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുക എന്നത് ക്രൈസ്തവ സഭാ നേതൃത്വം എക്കാലത്തും പുലര്‍ത്തിപ്പോരുന്ന മര്യാദയാണെന്നും നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി സംഘടിപ്പിച്ച പ്രഭാതയോഗങ്ങളില്‍ വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാര്‍ പങ്കെടുത്തിരുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തത് മണിപ്പുര്‍ മറന്നുകൊണ്ടാണെന്ന് പ്രചരിപ്പിക്കുന്നവരുടേത് ദുഷ്ടലാക്ക് മാത്രം.
ഹമാസിന് വേണ്ടി നാടൊട്ടുക്ക് പ്രകടനം നടത്തിയവരുടെ ലക്ഷ്യം രാഷ്ട്രീയ നേട്ടം. സഭ മേലധ്യക്ഷന്മാരെ വിമര്‍ശിക്കാന്‍ ആവേശം കാട്ടുന്ന ഇടതുനേതാക്കള്‍ സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചു നടക്കുന്നവരെ കണ്ടതായിപോലും നടിക്കുന്നില്ല. ഇരട്ടത്താപ്പുകള്‍ ജനം തിരിച്ചറിയുന്നുണ്ടെന്നും ദീപികയുടെ മുഖപ്രസംഗം വിമര്‍ശിക്കുന്നു.
ബി.ജെ.പി. വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയ കേക്ക് കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. ക്രൈസ്തവ സഭാ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു.
സൗഹൃദം നടിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ചെറുവിരലനക്കാത്തവരാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.