ഡിജിറ്റല്‍ പാസ്പോര്‍ട്ട് പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഫിന്‍ലന്‍ഡ്; ഇതേ പാത പിന്തുടര്‍ന്ന് മറ്റ് രാജ്യങ്ങളും

By web desk.02 10 2023

imran-azhar

 

ഹെല്‍സിങ്കിയില്‍ നിന്ന് യുകെയിലേക്ക് പറക്കുന്ന ഫിന്‍ലന്‍ഡ് യാത്രക്കാര്‍ക്ക് ഇനി ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍. ഇതോടെ ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കുന്ന ആദ്യ രാജ്യമായി ഫിന്‍ലന്‍ഡ് മാറി.

 

ഇനി അന്താരാഷ്ട്ര യാത്രകളും കൂടുതല്‍ സുഗമമാകും. കഴിഞ്ഞ ഓഗസ്റ്റ് 28 നാണ് ഫിന്‍ എയര്‍, ഫിന്നിഷ് പോലീസ്, എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഫിനാവിയ എന്നിവയുടെ സഹകരണത്തോടെ ഈ സംരംഭം തുടങ്ങിയത്.

 

ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡ് അടുത്ത വര്‍ഷം ഫെബ്രുവരി വരെ ഡിജിറ്റല്‍ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടത്തും.ഫിന്‍ ഡിടിസി പൈലറ്റ് ഡിജിറ്റല്‍ ട്രാവല്‍ ഡോക്യുമെന്റ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.

 

ആപ്പ് ഉപയോഗിക്കുന്നതിന് മുന്‍പ് പിന്‍ നമ്പര്‍, ഫിങ്കര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്സ് ഐഡി പോലുള്ള ഫോണ്‍ സ്‌ക്രീന്‍ ലോക്കിങ് രീതി സജ്ജീകരിക്കണം. ശേഷം വാന്റാ മെയിന്‍ പോലീസ് സ്റ്റേഷന്റെ ലൈസന്‍സ് സേവനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം.

 

ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് തയ്യാറാക്കാന്‍ ഈ രജിസ്‌ട്രേഷനില്‍ ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് സാധുവായ ഫിസിക്കല്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണം. തിരിച്ചറിയുന്നതിനായി ഫോട്ടോയും സമ്മതപത്രവും സമര്‍പ്പിക്കണം.


രജിസ്റ്റര്‍ ചെയ്താല്‍ 2024 ഫെബ്രുവരിയില്‍ ട്രയല്‍ അവസാനിക്കുന്നതുവരെ യാത്രക്കാര്‍ക്ക് യുകെയിലേക്ക് നേരിട്ട് യാത്ര ചെയ്യുമ്പോഴും ഹെല്‍സിങ്കി എയര്‍പോര്‍ട്ടിലേക്ക് ഫിന്നെയര്‍ ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യുമ്പോഴും പാസ്പോര്‍ട്ടിന് പകരമായി ഡിജിറ്റല്‍ ട്രാവല്‍ ക്രെഡന്‍ഷ്യല്‍ ഉപയോഗിക്കാം.

 

ഓരോരുത്തരും യാത്ര ആരംഭിക്കുന്നതിന് ഏറ്റവും കുറഞ്ഞത് നാല് മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ആപ്പ് വഴി ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡിന് കൈമാറണം. വളരെ ഉപകാരപ്രതമായ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ നിരവധി രാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്.

 

പോളണ്ട്, ദക്ഷിണ കൊറിയ, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളും ഫിന്‍ലന്‍ഡുമായി യോജിച്ച് ഡിജിറ്റല്‍ പാസ്പോര്‍ട്ട് പദ്ധതികള്‍ വികസിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.യുക്രൈന്‍ 2021-ല്‍ ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍ക്ക് ഫിസിക്കല്‍ പാസ്‌പോര്‍ട്ടിന്റെ അതേ നിയമപരമായ പദവി നല്‍കിയിരുന്നു.

 

ഇന്ത്യയില്‍ 2023 ജൂണ്‍ 24-ന് പാസ്പോര്‍ട്ട് സേവാ ദിനത്തില്‍, പുതിയതും മെച്ചപ്പെടുത്തിയതുമായ ഇ-പാസ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന പാസ്പോര്‍ട്ട് സേവാ പ്രോഗ്രാമിന്റെ (പിഎസ്പി പതിപ്പ് 2.0) രണ്ടാം ഘട്ടം ആരംഭിക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രഖ്യാപിച്ചിരുന്നു.

 

 

 

 


മധ്യപ്രദേശില്‍ 19,260 കോടിയുടെ പദ്ധതികള്‍; പ്രധാനമന്ത്രി ഡല്‍ഹി-വഡോദര എക്സ്പ്രസ് വേ രാജ്യത്തിന് സമര്‍പ്പിക്കും

 

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഗ്വാളിയോര്‍ സന്ദര്‍ശിക്കും.സംസ്ഥാനത്ത് 19,260 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കും.

 

ഏകദേശം 11,895 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഡല്‍ഹി-വഡോദര എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

അതേസമയം, 1,880 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന അഞ്ച് വ്യത്യസ്ത റോഡ് പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിടും.മോദിയുടെ നേതൃത്വത്തില്‍ പിഎംഎവൈ ഗ്രാമീണിന് കീഴില്‍ നിര്‍മ്മിച്ച 2.2 ലക്ഷത്തിലധികം വീടുകളുടെ ഗൃഹപ്രവേശം ആരംഭിക്കും.

 

പിഎംഎവൈ - അര്‍ബന്‍ പദ്ധതിക്ക് കീഴില്‍ 140 കോടി രൂപ ചെലവില്‍ നിര്‍മിച്ച വീടുകളും അദ്ദേഹം നാടിന് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

രാജ്യത്ത് എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്വാളിയോര്‍, ഷിയോപൂര്‍ ജില്ലകളില്‍ 1,530 കോടി രൂപയുടെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.
720 ലധികം ഗ്രാമങ്ങള്‍ക്ക് ഈ പദ്ധതികള്‍ ഏറെ ഗുണം ചെയ്യും.

 

150 കോടിയിലധികം രൂപ ചെലവില്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനു കീഴില്‍ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളുടേയും ഇന്‍ഡോറില്‍ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കിന്റെയും തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.

 

മാത്രമല്ല, ഉജ്ജയിനിലെ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ്, ഐഒസിഎല്‍ ബോട്ടിലിംഗ് പ്ലാന്റ്, ഗ്വാളിയോറിലെ അടല്‍ ബിഹാരി വാജ്പേയി ദിവ്യാംഗ് സ്പോര്‍ട്സ് ട്രെയിനിംഗ് സെന്റര്‍, 38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗ്വാളിയോര്‍-സുമാവോളി റെയില്‍വേ ലൈനിന്റെ ഗേജ് പരിവര്‍ത്തനം തുടങ്ങി വിവിധ പദ്ധതികളും അദ്ദേഹം സമര്‍പ്പിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

OTHER SECTIONS