തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ച് മൂന്ന് കടകള്‍ കത്തിനശിച്ചു

കരമന തമലത്ത് പടക്കക്കടയ്ക്ക് തീപിടിച്ച് മൂന്ന് കടകള്‍ കത്തിനശിച്ചു. ശനിയാഴ്ച രാത്രിയാണ് ചന്ദ്രിക സ്റ്റോര്‍ എന്ന കടയ്ക്ക് തീപിടിച്ചത്.

author-image
Web Desk
New Update
തിരുവനന്തപുരത്ത് പടക്കക്കടയ്ക്ക് തീപിടിച്ച് മൂന്ന് കടകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: കരമന തമലത്ത് പടക്കക്കടയ്ക്ക് തീപിടിച്ച് മൂന്ന് കടകള്‍ കത്തിനശിച്ചു. ശനിയാഴ്ച രാത്രിയാണ് ചന്ദ്രിക സ്റ്റോര്‍ എന്ന കടയ്ക്ക് തീപിടിച്ചത്. കടയ്ക്ക് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല.

പടക്കക്കടയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പലചരക്ക് കടയും സ്റ്റേഷനറി കടയുമാണ് കത്തിയത്. മൂന്നു കടയും തമലം സ്വദേശി രാധാകൃഷ്ണന്‍ നായരുടേതാണ്. കടകളില്‍ ശനിയാഴ്ച ലഭിച്ച ഒന്നരലക്ഷത്തോളം രൂപയും കത്തിപ്പോയി. സാധനങ്ങളുടെ നഷ്ടം മാത്രം 50 ലക്ഷം രൂപയോളം വരുമെന്നാണ് നിഗമനം.

ദീപാവലിക്ക് മുന്നോടിയായി പടക്കം വാങ്ങിയവര്‍ കടയില്‍ നിന്ന് കുറച്ചുമാറി പൊട്ടിക്കുന്നുണ്ടായിരുന്നു. ഇവിടെനിന്ന് തീപ്പൊരി കടയിലേക്ക് വീണാണ് തീപ്പിടുത്തമുണ്ടായതെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു.

ഈ സമയത്ത് രാധാകൃഷ്ണന്‍ നായരടക്കം അഞ്ചുപേര്‍ കടയിലുണ്ടായിരുന്നു. തീ പടര്‍ന്നുതുടങ്ങിയപ്പോള്‍ ഇവര്‍ പിന്‍വശത്തെ വാതില്‍ വഴി ഓടി രക്ഷപെടുകയായിരുന്നു.

തീപ്പിടിത്തവും പൊട്ടിത്തെറിശബ്ദവും കാരണം രണ്ടുപേര്‍ക്ക് ബോധക്ഷയമുണ്ടായി. പടക്കം വാങ്ങാനെത്തിയ തമലം സ്വദേശി വിഷ്ണു(23), രാധാകൃഷ്ണന്‍ നായരുടെ ഭാര്യയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ ഒ.എസ്.ചന്ദ്രിക എന്നിവരാണ് ബോധംകെട്ടു വീണത്.

തീ പടരുന്നതിനിടയില്‍ കടയ്ക്കുള്ളില്‍ ബോധം കെട്ടുവീണ വിഷ്ണുവിനെ ഉടമയുടെ മകന്‍ പുറകുവശത്തെ വാതിലിലൂടെ പുറത്തേക്ക് എത്തിച്ചതിനാല്‍ വലിയ അത്യാഹിതം ഒഴിവായി. കടയിലെ ജീവനക്കാരി ആശാകുമാരിക്കും നേരിയ തോതില്‍ പൊള്ളലേറ്റു.

പടക്കക്കടയില്‍ മൂന്ന് അടിയന്തര തീയണയ്ക്കല്‍ ഉപകരണം സൂക്ഷിച്ചിരുന്നു. തീ പെട്ടെന്ന് പടര്‍ന്നു പിടിച്ചതിനാല്‍ ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.

തീ പിടിച്ച വിവരം ലഭിച്ച ഉടനെ ചെങ്കല്‍ച്ചൂളയില്‍നിന്ന് അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി. പൂജപ്പുരയില്‍നിന്ന് പോലീസ് സംഘവും എത്തിയിരുന്നു. ഇരുസേനാവിഭാഗങ്ങളും ചേര്‍ന്ന് ഒരുമണിക്കൂറിനുള്ളില്‍ തീയണച്ചു.

fire accident deepavali newsupdate Latest News crackers