ഗഗന്‍യാന്‍ പരീക്ഷണം പൂര്‍ണ വിജയം

ബഹിരാകാശ യാത്രയില്‍ അടിയന്തര സാഹചര്യമുണ്ടായല്‍ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പിക്കുന്ന ഗഗയന്‍യാന്‍ ടിവി ഡി1 പരീക്ഷണ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു.

author-image
Web Desk
New Update
ഗഗന്‍യാന്‍ പരീക്ഷണം പൂര്‍ണ വിജയം

ശ്രീഹരിക്കോട്ട: ബഹിരാകാശ യാത്രയില്‍ അടിയന്തര സാഹചര്യമുണ്ടായല്‍ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പിക്കുന്ന ഗഗയന്‍യാന്‍ ടിവി ഡി1 പരീക്ഷണ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചു. 17 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂള്‍ വേര്‍പെട്ട് താഴേക്കിറങ്ങി. തുടര്‍ന്ന് പാരച്യൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. വിക്ഷേപണം കഴിഞ്ഞ് 9.50 മിനിറ്റിനുള്ളില്‍ ദൗത്യം പൂര്‍ത്തിയായി.

8 മണിക്കു നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥ അടക്കമുള്ള പ്രതിസന്ധികളെ തുടര്‍ന്ന് 8.45 ലേക്ക് മാറ്റിയിരുന്നു.എന്നാല്‍, വിക്ഷേപണത്തിന് 5 സെക്കന്‍ഡ് മുന്‍പ് ലിഫ്റ്റ് ഓഫ് നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ വിക്ഷേപണം നിര്‍ത്താനുള്ള നിര്‍ദേശം നല്‍കി. തുടര്‍ന്ന് വിദഗ്ധ സംഘമെത്തി റോക്കറ്റും അനുബന്ധ സംവിധാനങ്ങളും പരിശോധിച്ച് തകരാര്‍ പരിഹരിച്ച ശേഷമാണ് വീണ്ടും വിക്ഷേപണത്തിനൊരുങ്ങിയത്.

രാവിലെ പത്തു മണിക്കാണ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് പരീക്ഷണ വാഹനമായ (ടെസ്റ്റ് വെഹിക്കിള്‍) ക്രൂ മൊഡ്യൂള്‍ (സിഎം), ക്രൂ എസ്‌കേപ് സിസ്റ്റം (സിഇഎസ്) എന്നിവയുമായി കുതിച്ചുയര്‍ന്നത്.

വിക്ഷേപണം നടത്തിയ ശേഷം ഭ്രമണപഥത്തില്‍ എത്തുന്നതിനു മുന്‍പ് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാല്‍ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കുകയായിരുന്നു ദൗത്യം.

isro Latest News news update gagnyaan