/kalakaumudi/media/post_banners/dbfe66f4d4450c8790845e29a58afd43ef0fa4cc8c3cc3302a9e82d420073dc7.jpg)
കൊച്ചി: നവകേരള സദസ്സിന് വേണ്ടി സ്‌കൂള്‍ ബസുകള്‍ വിട്ട് നല്‍കാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതിയുടെ അനുമതിയില്ലാതെ ബസ് വിട്ട് നല്‍കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.
മോട്ടോര്‍ വാഹന നിയമം സ്‌കൂള്‍ ബസുകള്‍ പൊതുയാത്രയ്ക്ക് ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെ നവകേരള സദസിന്റെ സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസ് വിട്ട് നല്‍കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നു. ആരാണ് ഈ സംഘാടക സമിതി എന്നും അവര്‍ ആവശ്യപ്പെട്ടാല്‍ പൊതു ആവശ്യമാകുമോ എന്നും ചോദിച്ചാണ് കോടതി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തതത്.
കുട്ടികളുടെ സുരക്ഷയ്ക്കും യാത്രയ്ക്കും വേണ്ടിയുള്ളതാണ് സ്‌കൂള്‍ ബസ്സുകള്‍. അത് മുതിര്‍ന്ന യാത്രക്കാരെ കൊണ്ടുപോകാനോ, വിദ്യാഭ്യാസേതര ആവശ്യത്തിനും ഉപയോഗിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടോ ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
ഇത് വിശദീകരിച്ച ശേഷം മാത്രമേ ബസുകള്‍ വിട്ട് നല്‍കാമോ എന്ന് തീരുമാനിക്കാന്‍ കഴിയുകയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
