'പ്രിയപ്പെട്ടവർ കൺമുന്നിൽ മരിച്ചു വീഴുമ്പോൾ അനുഭവിച്ച വേദന വിവരിക്കാനാവില്ല, വർഷങ്ങൾക്ക് ശേഷവും അതെന്നെ വേട്ടയാടുന്നു'; ബിൽകീസ് ബാനുകേസിലെ ഏക ദൃസാക്ഷി

ബിൽകീസ് ബാനുകേസിലെ പ്രതികളെ തൂക്കിക്കൊല്ലുകയോ ജീവിതകാലം മുഴുവൻ ജയിലിൽ അടയ്ക്കുകയോ ചെയ്യണമെന്ന് കേസിലെ ഏക ദൃക്സാക്ഷി.

author-image
Greeshma Rakesh
New Update
'പ്രിയപ്പെട്ടവർ കൺമുന്നിൽ മരിച്ചു വീഴുമ്പോൾ അനുഭവിച്ച വേദന വിവരിക്കാനാവില്ല, വർഷങ്ങൾക്ക് ശേഷവും അതെന്നെ വേട്ടയാടുന്നു'; ബിൽകീസ് ബാനുകേസിലെ ഏക ദൃസാക്ഷി

അഹ്മദാബാദ്: ബിൽകീസ് ബാനുകേസിലെ പ്രതികളെ തൂക്കിക്കൊല്ലുകയോ ജീവിതകാലം മുഴുവൻ ജയിലിൽ അടയ്ക്കുകയോ ചെയ്യണമെന്ന് കേസിലെ ഏക ദൃക്സാക്ഷി. 2002ൽ ഗുജറാത്ത് കലാപം നടക്കുമ്പോൾ ദൃക്സാക്ഷിക്ക് ഏഴുവയസായിരുന്നു പ്രായം.

ഇപ്പോൾ 28 വയസുള്ള ഈ യുവാവ് ഭാര്യക്കും അഞ്ചുവയസുള്ള മകനുമൊപ്പം അഹ്മദാബാദിൽ താമസിക്കുകയാണ്.2002-ൽ കലാപത്തിനിടെ ഏഴ് വയസ്സ് മാത്രം പ്രായമുള്ള ദൃസാക്ഷിക്ക് അമ്മയെയും മൂത്ത സഹോദരിയെയും നഷ്ടപ്പെട്ടിരുന്നു.അന്നു മുതൽ കലാപത്തിന്റെ നടുക്കുന്ന ഓർമ്മകളാൽ വേട്ടയാടപ്പെടുകയാണ് അവൻ.

''പ്രിയപ്പെട്ടവരെല്ലാം ഒന്നൊന്നായി കൺമുന്നിൽ മരിച്ചുവീഴുമ്പോൾ വലിയൊരു ട്രോമയിലേക്കാണ് ഞാൻ വീണുപോയത്. അതിന്റെ ആഘാതം ഇപ്പോഴുമെന്നെ വിട്ടുപോയിട്ടില്ല. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അതെന്നെ വേട്ടയാടുകയാണ്.അന്നുതൊട്ടിന്നുവരെ പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണാതെ ഒരു ദിവസം പോലും ഞാൻ ഉറക്കമുണർന്നിട്ടില്ല .''- ദൃസാക്ഷി പറഞ്ഞു.

പേര് വെളിപ്പെടുത്താത്ത ആ സാമൂഹിക പ്രവർത്തകന്റെ സംരക്ഷണത്തിലാണ് സംഭവത്തിലെ ഏക ദൃക്സാക്ഷിയായ കുട്ടിവളർന്നത്. 2005ൽ മുംബൈയിലെ സി.ബി.ഐയുടെ പ്രത്യേക കോടതിയിൽ അവൻ മൊഴി നൽകി.പരാതിക്കാരിയായ ബിൽകീസ് ബാനു വിവരിച്ച സംഭവങ്ങളുമായി പൊരുത്തപ്പെടുന്നതിനാൽ കുട്ടിയുടെ മൊഴി നിർണായകമായി. വിചാരണക്കിടെ കേസിലെ 11 പ്രതികളിൽ നാലുപേരെ കുട്ടി തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''പ്രതികളെ മുഴുവൻ വെറുതെവിട്ടപ്പോൾ എനിക്ക് വളരെയധികം വേദനിച്ചു. ഇപ്പോൾ ആ വേദനക്ക് ശമനമുണ്ട്. കാരണം ഒരിക്കൽ കൂടി അവരെല്ലാം അഴികൾക്കുള്ളിലായിരിക്കുന്നു. ആ ദിവസം ഉമ്മയും മൂത്തസഹോദരിയുമടക്കം 14 പേരെയാണ് അവരെന്റെ കൺമുന്നിൽ കൊന്നുകൂട്ടിയിട്ടത്. കേസിലെ എല്ലാ പ്രതികളെയും തൂക്കിലേറ്റുകയോ അല്ലെങ്കിൽ മരണം വരെ ജയിലിലടക്കുകയോ ചെയ്യണം. എങ്കിൽ മാത്രമേ നീതി പുലരുകയുള്ളൂ. ഈ പൈശാചിക മനുഷ്യർ ഇനിയൊരിക്കലും വെളിച്ചം കാണരുത്.''അദ്ദേഹം കൂട്ടിച്ചേർത്തു.

കൂട്ടബലാത്സംഗത്തിന് ഇരയായ സമയം അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസിന്റെ മൂന്ന് മാസം പ്രായമായ മകൾ കൊല്ലപ്പെട്ടിരുന്നു.മാത്രമല്ല കുടുംബത്തിലെ മറ്റ് ഏഴ് പേരും കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. ബോംബെ ഹൈകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച പ്രതികളെ 2022 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പ്രമാണിച്ചാണ് വിട്ടയച്ചത്.

എന്നാൽ അവിടെയും ബിൽക്കിസ് പോരാട്ടം അവസാനിപ്പിച്ചില്ല. തുടർന്ന് ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് 11 പ്രതികളുടെയും ശിക്ഷ ഇളവ് റദ്ദാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു കോടതി വിധി.

 

gujarat witness bilkis bano rape case