/kalakaumudi/media/post_banners/c66d8f719784798e6a4c3f8a30bdcafe5a723375058a2e3b32ed1e80e2cd8728.jpg)
ഒട്ടാവ: നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കാനുള്ള ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ വിമര്‍ശിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 41 നയതന്ത്രജ്ഞരെ കാനഡ പിന്‍വലിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യയെ വിമര്‍ശിച്ച് ട്രൂഡോ രംഗത്തുവന്നത്.
നയതന്ത്രജ്ഞരെ മാറ്റുന്നത് ഇരു രാജ്യത്തെയും ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുമെന്ന് ട്രൂഡോ പറഞ്ഞു. ഇന്ത്യ നയതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളെ പോലും മാനിക്കുന്നില്ലെന്നും ട്രൂഡോ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ വേരുകളുള്ള ദശലക്ഷക്കണക്കിന് കനേഡിയന്‍ പൗരന്മാരുടെ സമാധാന, സന്തോഷ ജീവിതത്തിന് തീരുമാനം ബാധിക്കുമെന്നും ട്രൂഡോ പറഞ്ഞു.
ജൂണില്‍ ഖലിസ്ഥാന്‍ വാദി ഹര്‍ദിപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന ട്രൂഡോയുടെ പ്രസ്താവനയാണ് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കിയത്. ട്രൂഡോയുടെ പരാമര്‍ശത്തിനെ ശക്തമായ ഭാഷയില്‍ ഇന്ത്യ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.