ഇന്ത്യക്കെതിരായ തെളിവുകള്‍ പുറത്ത് വിടണമെന്ന് കാനഡയോട് വീണ്ടും ഇന്ത്യ

By Web Desk.25 11 2023

imran-azhar

 

 

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ വധത്തില്‍ വിഷയത്തില്‍ അന്വേഷണം നടക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയെ കുറ്റവാളിയാക്കാനാണ് ശ്രമിച്ചതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ ആരോപിച്ചു. നിജ്ജാറിന്റെ മരണത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകള്‍ പുറത്ത് വിടണമെന്നും അദ്ദേഹം കനേഡിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാനഡയിലെ സിടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

അന്വേഷണം നടക്കുന്നതിനിടയില്‍ ഇന്ത്യയോട് സഹകരിക്കണമെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം നിങ്ങള്‍ കുറ്റവാളിയാക്കപ്പെട്ടുവെന്നാണ്. നന്നായി സഹകരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അദ്ദേഹം പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ അത് വളരെ വ്യത്യസ്തമായാണ് വ്യാഖ്യാനിച്ചത്. പക്ഷേ വളരെ വ്യക്തവും പ്രസക്തവുമായ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ വ്യക്തമായി തന്നെ ആശയവിനിമയം നടത്തും. അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് ജൂണ്‍ മാസം നിജ്ജാര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഇതിനെ തുടര്‍ന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം.

 

എന്നാല്‍, ഇതുവരെ കാനഡയ്ക്ക് ഇത് സംബന്ധിച്ച ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ തെളിവുകള്‍ നല്‍കണമെന്ന ആവശ്യം വീണ്ടും ആവശ്യപ്പെട്ടത്.

 

കാനഡയുടെ ആരോപണത്തിന് ഇന്ത്യ നല്ല തിരിച്ചടി നല്‍കിയിരുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ പുറത്താക്കല്‍, നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കല്‍, യാത്രാ സംബന്ധമായ നിയന്ത്രണങ്ങള്‍ തുടങ്ങിയ പ്രതികാര നടപടികളും ഇന്ത്യ സ്വീകരിച്ചു. സെപ്തംബര്‍ മാസം മുതല്‍ കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായിരുന്നു ഇതിന്റെ ഭാഗമായുള്ള സുപ്രധാന നടപടി.

 

എന്നാല്‍, ഒട്ടേറെ അഭ്യര്‍ത്ഥനങ്ങള്‍ക്ക് ശേഷം ഒരു മാസം പിന്നിട്ടപ്പോള്‍ ഇന്ത്യ കനേഡിയന്‍ പൗരന്മാര്‍ക്ക് ചില വിഭാഗത്തിലുള്ള വിസ സേവനങ്ങള്‍ പുതുക്കാനും കനേഡിയന്‍മാര്‍ക്കുള്ള ഇ - വിസ സേവനങ്ങള്‍ പുനരാരംഭിക്കാനും തീരുമാനിച്ചു. ഇതിനോട് ഒട്ടാവ പ്രതികരിച്ചത് കനേഡിയന്മാര്‍ക്ക് സന്തോഷ വാര്‍ത്ത എന്നായിരുന്നു.

 

 

 

 

 

OTHER SECTIONS