
ന്യൂഡല്‍ഹി: ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നിലപാടുകളുമായി ഇന്ത്യ.ഒക്ടോബര്‍ പത്തിന് മുന്‍പായി 41 നയതന്ത്ര പ്രതിനിധികളെ ഡല്‍ഹിയില്‍നിന്നു തിരിച്ചുവിളിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സമയപരിധിക്ക് ശേഷം കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ കാനഡ വിദേശകാര്യ മന്ത്രാലയവും കേന്ദ്രസര്‍ക്കാരും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഇന്ത്യയില്‍ 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്കുള്ളത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ പറഞ്ഞു. ഭീകരതയ്ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സര്‍ക്കാരിന്റെ നിലപാടാണ് പ്രധാന പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
