നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണം ഇന്ത്യ ഗൗരവത്തോടെ കാണണം: ജസ്റ്റിന്‍ ട്രൂഡോ

By Web desk.30 11 2023

imran-azhar

 

ഒട്ടാവ: ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണം ഇന്ത്യ ഗൗരവത്തോടെ കാണണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്താന്‍ വിഘടനവാദി ഗുര്‍പത്വന്ത് സിങ് പന്നൂനെ അമേരിക്കയില്‍വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഇന്ത്യക്കാരന്റെ പേരില്‍ കഴിഞ്ഞദിവസം യു.എസിലെ ഫെഡറല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ പ്രതികരണം.

 

ഞങ്ങള്‍ തുടക്കംമുതല്‍ പറയുന്ന കാര്യങ്ങള്‍ക്ക് അടിവരയിടുന്നതാണ് അമേരിക്കയില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇന്ത്യ ഇത് ഗൗരവമായി കാണണം. കനേഡിയന്‍ പ്രധാനമന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

 


ഖലിസ്താന്‍ നേതാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇന്ത്യക്കാരനായ നിഖില്‍ ഗുപ്തയുടെ പേരിലാണ് കഴിഞ്ഞദിവസം യുഎസ് ഫെഡറല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പന്നൂനെ വധിക്കാന്‍ വാടകക്കൊലയാളിക്ക് ഒരു ലക്ഷം യുഎസ് ഡോളര്‍ (83 ലക്ഷം രൂപ) നല്‍കാമെന്ന് ഗുപ്ത വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം.

 

കൊലപാതക ശ്രമം, ഗൂഢോലോചന എന്നീ കുറ്റങ്ങളാണ് നിഖിലിന്റെ പേരില്‍ ചുമത്തിയിരുന്നത്. കഴിഞ്ഞ ജൂണ്‍ 30-ന് ചെക്ക് റിപ്പബ്ലിക്കില്‍വെച്ചാണ് ഇയാളെ യുഎസ് പോലീസ് അറസ്റ്റുചെയ്തത്.

 

ഇന്ത്യക്കെതിരേ തുടര്‍ച്ചയായി ഭീഷണി മുഴക്കുകയും ആരോപണമുന്നയിക്കുകയും ചെയ്യുന്നയാളാണ് പന്നൂന്‍. ഇന്ത്യ നിരോധിച്ച ഭീകരസംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവാണ്. യു.എസ്.കാനഡ ഇരട്ടപൗരത്വമുള്ള പന്നൂന്‍ എന്‍.ഐ.എ.യുടെ ഒട്ടേറെ കേസുകളില്‍ പ്രതിയുമാണ്.

 

പന്നൂനെ വധിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച ഗൂഢാലോചന തടഞ്ഞത് ഔദ്യോഗികമായി ഉന്നതതലത്തില്‍ ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി വൈറ്റ് ഹൗസ് വക്താവ് അഡ്രിയാന്‍ വാട്സന്‍ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചെന്നും മറ്റൊരു രാജ്യത്തുവെച്ചുള്ള നടപടി തങ്ങളുടെ രീതിയല്ലെന്ന് ഇന്ത്യ പ്രതികരിച്ചെന്നുമാണ് വാട്സന്‍ പറഞ്ഞത്.

 

 

OTHER SECTIONS