
ചെന്നൈ: ഇന്ത്യ-ശ്രീലങ്ക പാസഞ്ചര്‍ ഫെറി സര്‍വീസ് ഒക്ടോബര്‍ 10 ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. 12 വര്‍ഷത്തിന് ശേഷമാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്.തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലെ ജാഫ്നയിലെ കാങ്കസന്തുരയിലേക്കാണ് ഫെറി സര്‍വീസ്. ഏകദേശം മൂന്ന് മണിക്കൂറാണ് യാത്രാ സമയം.
ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്സിഐ) ആണ് സര്‍വീസ് നടത്തുന്നത്. 'ജാഫ്നയിലേക്കും തമിഴ്നാട്ടിലേക്കും കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ഈ സേവനം അവസരമൊരുക്കും'' എസ്സിഐ പറഞ്ഞു.
ടിക്കറ്റിന്റെ വിലവിവരം ഇത് വരെ പുറത്ത് വിട്ടിട്ടില്ല.എങ്കിലും, 40 കിലോ വരെ ഭാരമുള്ള ലഗേജുകള്‍ യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോകാനാകും. കടത്തുവള്ളത്തില്‍ 150 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി ഇ വി വേലു പറഞ്ഞു.
90-കളുടെ തുടക്കത്തിലെ നാവിക ബന്ധങ്ങളുടെ പുനരാവിഷ്‌കരണമാണ് ഈ പദ്ധതി. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് 1982-ല്‍, തൂത്തുക്കുടി തുറമുഖം വഴി ചെന്നൈയ്ക്കും കൊളംബോയ്ക്കുമിടയില്‍ സര്‍വീസ് നടത്തിയിരുന്ന ഇന്‍ഡോ-സിലോണ്‍ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്നു.
2011-ല്‍ ഇന്ത്യയും ശ്രീലങ്കയും ഒപ്പുവെച്ച ധാരണാപത്രത്തെ തുടര്‍ന്നാണ് സര്‍വീസുകള്‍ ഇപ്പോള്‍ പുനരാരംഭിക്കുന്നത്.