ആലുവയില്‍ കെ റെയില്‍ വാഴക്കുല ലേലം; തുക 40,300 രൂപ!

By Web Desk.05 12 2023

imran-azhar

 

 


ആലുവ: ആലുവയില്‍ കെ റെയില്‍ വിരുദ്ധ സമര സമിതി സംഘടിപ്പിച്ച സമര വാഴക്കുല ലേലം ആവേശമായി. പരമാവധി 300 ലഭിക്കാവുന്ന പാളയം കോടന്‍ വാഴക്കുല 40,300 രൂപക്കാണ് ലേലത്തില്‍ പോയത്. പുക്കാട്ടുപടി സ്വദേശി നിഷാദിനാണ് ലേലം ഉറപ്പിച്ചത്.

 

അന്‍വര്‍ സാദത്ത് എം.എല്‍.എയും ആലുവ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ബി.എ. അബ്ദുള്‍ മുത്തലിബും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെല്ലാം ആവേശപൂര്‍വം ലേലത്തില്‍ പങ്കാളികളായി. പലവട്ടം ലേലം വിളി അവസാനിപ്പിക്കാന്‍, നേതൃത്വം നല്‍കിയ എം.എല്‍.എ ശ്രമിച്ചെങ്കിലും നാട്ടുകാരും സമര സമിതി പ്രവര്‍ത്തകരുമെല്ലാം ആവേശപൂര്‍വ്വം ലേലത്തുക കൂട്ടി വിളിക്കുകയായിരുന്നു. ഐ.എന്‍.ടി.യു.സി വര്‍ക്കിംഗ് കമ്മിറ്റിയംഗം വി.പി. ജോര്‍ജ്, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ്, വാഴക്കുളം ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി സെബാസ്റ്റ്യന്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ എന്നിവരും ലേലത്തില്‍ പങ്കാളികളായി.

 

അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ എന്‍.എ. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സി.ആര്‍. നീലകണ്ഠന്‍, ഡോ. എം.സി. ദിലീപ് കുമാര്‍, പി.എ. മുജീബ്, സാബു പരിയാരത്ത്, കരീം കല്ലുങ്കല്‍, കെ.പി. സാല്‍വിന്‍ എന്നിവര്‍ സംസാരിച്ചു.

 

കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി പുക്കാട്ടുപടിയില്‍ പിഴുതെറിഞ്ഞ മഞ്ഞക്കുറ്റി നിന്നിടത്താണ് ഭരണപക്ഷത്തെ 99 എം.എല്‍.എമാര്‍ക്കു പകരമായി സമരസമിതി വാഴകള്‍ നട്ടത്. എടത്തല പഞ്ചായത്തിലെ പുക്കാട്ടുപടി, കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട് എന്നിവിടങ്ങളിലാണ് വാഴകള്‍ കൂടുതലായി നട്ടത്. വിളവെടുപ്പിന് പാകമാകുന്ന വാഴക്കുലകള്‍ പല സ്ഥലങ്ങളിലായി ലേലം ചെയ്യാനാണ് സമരസമിതി തീരുമാനം. സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ നടത്താന്‍ ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഴക്കുല ലേലം.

 

 

 

OTHER SECTIONS