തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനിടെ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍.ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഇതേ തുടര്‍ന്ന് ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥര്‍ ആദ്യം കണ്ടല സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടര്‍ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി.
100 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുന്‍ സെക്രട്ടറിമാരുടേയും വീടുകളിലും ഉള്‍പ്പടെ ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു ഇ.ഡി സംഘം കേന്ദ്ര സേനയോടൊപ്പം എത്തിയത്.
ബാങ്കിലെ നിക്ഷേപങ്ങള്‍, വായ്പകള്‍ അടക്കമുള്ള ഇടപാട് രേഖകള്‍ ഇഡി സംഘം പരിശോധിച്ചു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടില്‍ എത്തിച്ച് പരിശോധന നടത്തിയത്. ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
പൂജപ്പുരയിലെ വീട്ടിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ ഇഡി ഉദ്യോഗസ്ഥര്‍ ഭാസുരാംഗനുമായി കണ്ടലയിലെ വീട്ടിലേക്ക് പോയത്.