'നവംബർ 19ന് എയർ ഇന്ത്യ വിമാനം തകർക്കും..'; ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ്

നവംബർ 19ന് എയർ ഇന്ത്യ വഴി യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ആളുകളുടെ ജീവൻ അപകടത്തിലാകും എന്ന് ഭീഷണി മുഴക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

author-image
Greeshma Rakesh
New Update
'നവംബർ 19ന് എയർ ഇന്ത്യ വിമാനം തകർക്കും..'; ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ്

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. നവംബർ 19ന് എയർ ഇന്ത്യ വഴി യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ആളുകളുടെ ജീവൻ അപകടത്തിലാകും എന്ന് ഭീഷണി മുഴക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന അതേ ദിവസം തന്നെയാണ് ഖാലിസ്ഥാനി ഭീകരൻ ഉയർത്തിക്കാട്ടിയതെന്നതും ശ്രദ്ധേയമാണ്.

"നവംബർ 19ന് എയർ ഇന്ത്യ വഴി പറക്കരുതെന്ന് ഞങ്ങൾ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോള തലത്തിൽ ഉപരോധങ്ങൾ ഉണ്ടാകും. നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്, അല്ലെങ്കിൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും" സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ പന്നൂൻ പറയുന്നു. മാത്രമല്ല ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും അതിന്റെ പേര് മാറ്റുമെന്നും പന്നൂൻ കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല ഇന്ത്യയ്‌ക്കെതിരെയുള്ള ഭീഷണി.ഇതിനു മുമ്പും വൻ ആക്രമണം സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ സർക്കാരിനെ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ആദ്യം, ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിൽ നിന്ന് പാഠം പഠിക്കണമെന്ന് പന്നൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഹമാസിന് സമാനമായ ആക്രമണം ഇന്ത്യയ്‌ക്കെതിരെ നടത്തുമെന്നും പന്നൂർ കൂട്ടിച്ചേർത്തു.

"പഞ്ചാബ് മുതൽ പലസ്‌തീൻ വരെ നിയമവിരുദ്ധ അധിനിവേശത്തിന് കീഴിലുള്ള ആളുകൾ പ്രതികരിക്കും. അക്രമം അക്രമത്തിന് കാരണമാകുന്നു" പന്നൂൻ മുൻപ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.

അമൃത്‌സറിൽ ജനിച്ച പന്നൂൻ 2019 മുതൽ ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്. തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും വളർത്തുന്നതിലും, പഞ്ചാബിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും തന്റെ ഭീഷണികളും, മറ്റ് കുതന്ത്രങ്ങളും വഴി ഭയവും ഭീകരതയും പ്രചരിപ്പിക്കുന്നതിലും പന്നൂൻ പങ്ക് വഹിച്ചതായി ആരോപിക്കപ്പെടുന്നു. 2021 ഫെബ്രുവരി 3ന് പ്രത്യേക എൻഐഎ കോടതി പന്നൂനെതിരെ ജാമ്യമില്ലാ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Khalistani terrorist Gurpatwant Singh Pannun air india