/kalakaumudi/media/post_banners/96a45bc31ae5209ed3fa745aead81e3ec1dae298007e59d34a2aebebe4b18399.jpg)
ലഖ്നൗ: ജനുവരിയില്‍ നടക്കാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളില്‍ മുതിര്‍ന്ന ബി.ജെ.പി. നേതാക്കളായ എല്‍.കെ. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. രാമക്ഷേത്ര നിര്‍മാണത്തിന് മുന്‍നിരയിലുണ്ടായിരുന്ന നേതാക്കളാണ് ഇരുവരും. പ്രായാധിഖ്യവും ആരോഗ്യവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ഥിച്ചതായും അദ്വാനിയും ജോഷിയും അത് അംഗീകരിച്ചതായും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമങ്ങളോട് പറഞ്ഞു. 96 വയസ്സാണ് എല്‍.കെ അദ്വാനിയുടെ പ്രായം. ജോഷിയ്ക്ക് അടുത്തമാസം 90 വയസ്സ് തികയും.
ജനുവരി 22-നാണ് പ്രതിഷ്ഠാ ചടങ്ങ്. ചടങ്ങിനുള്ള തയ്യാറെടുപ്പുകള്‍ ജനുവരി 15-ന് പൂര്‍ത്തിയാകുമെന്നും പ്രാണപ്രതിഷ്ഠയ്ക്കു വേണ്ടിയുള്ള പൂജകള്‍ 16-ാം തീയതി മുതല്‍ ആരംഭിച്ച് 22 വരെ തുടരുമെന്നും ചമ്പത് റായ് അറിയിച്ചു. മുന്‍ പ്രധാനമന്ത്രി ദേവെഗൗഡയെ ക്ഷണിക്കാന്‍ മൂന്നംഗ സമിതി രൂപവത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.
നാലായിരത്തോളം പുരോഹിതന്മാരും 2,200 മറ്റ് അതിഥികളുമാണ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടത്. ദലൈ ലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാതാരങ്ങളായ അമിതാഭ് ബച്ചന്‍, രജനികാന്ത്, മാധുരി ദീക്ഷിത്, സംവിധായകന്‍ മാധുര്‍ ഭണ്ഡാര്‍കര്‍, വ്യവസായ പ്രമുഖന്മാരായ മുകേഷ് അംബാനി, അനില്‍ അംബാനി, പ്രശസ്ത ചിത്രകാരന്‍ വസുദേവ് കാമത്ത് തുടങ്ങി നിരവധി പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചമ്പത് റായി പറഞ്ഞു.
ജനുവരി 23-ന് ആയിരിക്കും ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുക.