/kalakaumudi/media/post_banners/c481066359cb1a244087cfff0dd4d358435e11cd76f3f31a06e09ff74c91fa15.jpg)
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി സിപിഎം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പലുണ്ടായ അപ്രതീക്ഷിത തിരിച്ചടി മറികടക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കിയാവും സിപിഎം ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുക. പ്രമുഖ നേതാക്കളെ തന്നെയാണ് സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാന സമിതി അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ മന്ത്രിയും പി ബി അംഗവും 3 ജില്ലാ സെക്രട്ടറിമാരും 3 എംഎല്‍എമാരും 4 കേന്ദ്ര കമ്മിറ്റി അംഗങ്ങളുമുണ്ട്.
ആലത്തൂരില്‍ മന്ത്രിയും ജനകീയനുമായി കെ രാധാകൃഷ്ണനാണ് മത്സരിക്കുന്നത്. രാധാകൃഷ്ണന്റെ പേര് മാത്രമാണ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചത്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയാണ് ആറ്റിങ്ങലില്‍ മത്സരിക്കുന്നത്. വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ വര്‍ക്കല കഹാറിനെതിരെ അട്ടിമറി വിജയം നേടി നിയമസഭയില്‍ എത്തിയ ജോയിയെ ആറ്റിങ്ങല്‍ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറക്കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള മറ്റു ജില്ലാ സെക്രട്ടറിമാര്‍.
എം മുകേഷ്, കെ കെ ഷൈലജ എന്നിവരാണ് മത്സരിക്കുന്ന മറ്റു എംഎല്‍എമാര്‍. മുകേഷ് കൊല്ലത്തും കെ കെ ഷൈലജ വടകരയിലും മത്സരിക്കും. ഈ മണ്ഡലങ്ങളും തിരിച്ചുപിടിക്കുക എന്ന ദൗത്യമാണ് ഇവര്‍ക്കുള്ളത്. മുന്‍ മന്ത്രി ടി എം തോമസ് ഐസക്ക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോട്ടും മത്സരിക്കും.
പൊന്നാനിയില്‍ മുസ്ലീം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെയാണ് സിപിഎം കളത്തിലിറക്കിയത്. മുസ്ലീം ലീഗില്‍ നിന്ന് പുറത്തുപോയ ഹംസയിലൂടെ ഈ മണ്ഡലത്തില്‍ അട്ടിമറി വിജയം സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് സിപിഎം. മലപ്പുറത്ത് ഡിവൈഎഫ്‌ഐ നേതാവ് വി വസീഫാണ് മത്സരിക്കുന്നത്. ആലപ്പുഴയില്‍ സിറ്റിംഗ് എം പി എ എം ആരിഫ് തന്നെയാണ് സ്ഥാനാര്‍ത്ഥി.