ആദ്യ പട്ടികയില്‍ 47 യുവജനങ്ങളും 57 ഒബിസിക്കാരും; ഡല്‍ഹിയില്‍ അഞ്ചില്‍ നാലും പുതുമുഖങ്ങള്‍

രണ്ട് മുന്‍ മുഖ്യമന്ത്രിമാരും 57 ഒബിസി പ്രാതിനിധ്യവുമുള്ള 16 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 195 പേരുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ പട്ടികയില്‍ ഇടം പിടിച്ചു.

author-image
Web Desk
New Update
ആദ്യ പട്ടികയില്‍ 47 യുവജനങ്ങളും 57 ഒബിസിക്കാരും; ഡല്‍ഹിയില്‍ അഞ്ചില്‍ നാലും പുതുമുഖങ്ങള്‍

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: രണ്ട് മുന്‍ മുഖ്യമന്ത്രിമാരും 57 ഒബിസി പ്രാതിനിധ്യവുമുള്ള 16 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 195 പേരുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ പട്ടികയില്‍ ഇടം പിടിച്ചു.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി.മുരളീധരനും മത്സരിക്കും. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പത്തനംതിട്ടയില്‍ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയും വക്താവും മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ മകനുമായ അനില്‍ ആന്റണിയാണ് സ്ഥാനാര്‍ത്ഥി. തൃശൂരില്‍ സുരേഷ് ഗോപി തന്നെ മത്സരിക്കും.

ആദ്യപട്ടികയില്‍ 47 യുവജനങ്ങളും 57 ഒബിസിക്കാരും

കേന്ദ്രമന്ത്രിമാരായ 34 പേരടക്കം ഇടം പിടിച്ച ആദ്യ പട്ടികയില്‍ രണ്ട് മുന്‍ മുഖ്യമന്ത്രിമാരുണ്ട്. മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്‌ളബ് കുമാര്‍ ദേബുമാണ് ജനവിധി തേടുന്ന മുന്‍ മുഖ്യമന്ത്രിമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവര്‍ അവരുടെ സിറ്റിംഗ് മണ്ഡലങ്ങളില്‍ നിന്ന് തന്നെ ജനവിധി തേടും. മന്‍സുഖ് മാണ്ഡവ്യ, സ്മൃതി ഇറാനി, കിരണ്‍ റിജിജു തുടങ്ങിയ പ്രമുഖരും ആദ്യ പട്ടികയിലുണ്ട്. 195 പേരടങ്ങിയ ആദ്യ പട്ടിക 57 ഒ.ബി.സിക്കാരും 27 എസ്.സിക്കാരും 18 എസ്.ടിക്കാരും 28 സ്ത്രീകളും അടങ്ങിയതാണ്. 195 ല്‍ 51 മണ്ഡലങ്ങള്‍ യു.പിയിലും 24 എണ്ണം മദ്ധ്യപ്രദേശിലും 20 എണ്ണം ബംഗാളിലുമാണ്. ഗുജറാത്ത്(15), രാജസ്ഥാന്‍(15), തെലങ്കാന(9), അസം(11),ഝാര്‍ഖണ്ഡ്(11), ഛത്തീസ്ഗഡ്(11), ഡല്‍ഹി(5), ജമ്മു കാശ്മീര്‍(2), ഉത്തരാഖണ്ഡ്(3), അരുണാചല്‍ പ്രദേശ്(2), ഗോവ(1), ത്രിപുര (1), അന്തമാന്‍ നിക്കോബാര്‍(1), ഡാമന്‍ ആന്‍ഡ് ഡ്യൂ(1) എന്നീ 16 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും മണ്ഡലങ്ങളാണ് ആദ്യ പട്ടികയിലുള്ളത്.

കേരളത്തിലെ 12 മണ്ഡലങ്ങള്‍

തിരുവനന്തപുരം: (രാജീവ് ചന്ദ്രശേഖര്‍)
ആറ്റിങ്ങല്‍:(വി.മുരളീധരന്‍)
പത്തനംതിട്ട: (അനില്‍ ആന്റണി)
തൃശൂര്‍:(സുരേഷ് ഗോപി)
പാലക്കാട്:(സി.കൃഷ്ണകുമാര്‍)
കോഴിക്കോട്:(എം.ടി. രമേശ്)
ആലപ്പുഴ:(ശോഭ സുരേന്ദ്രന്‍)
വടകര:(പ്രഫുല്‍ കൃഷ്ണന്‍)
കാസര്‍ഗോഡ്:(എം.എല്‍. അശ്വിനി)
കണ്ണൂര്‍:(സി.രഘുനാഥ്)
മലപ്പുറം:(ഡോ. അബ്ദുള്‍ സലാം)
പൊന്നാനി:(നിവേദിത സുബ്രഹ്‌മണ്യം)

എന്നിവരാണ് ആദ്യ പട്ടികയിലുള്ളത്. നാല് മണ്ഡലങ്ങള്‍ ബി.ഡി.ജെ.എസിന് നല്‍കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്. ഇത് കഴിച്ച് നാല് സീറ്റുകളിലാണ് ഇനി ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.

പ്രമുഖ നേതാക്കളെ ഒഴിവാക്കി ആദ്യ പട്ടിക

ബി.ജെ.പി ആദ്യ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ പ്രമുഖ നേതാക്കള്‍ പട്ടികയിലില്ല. ഒ. രാജഗോപാല്‍, കെ. സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍, എ.എന്‍. രാധാകൃഷ്ണന്‍, കുമ്മനം രാജശേഖരന്‍ എന്നിവരാണ് പട്ടികയിലില്ലാത്തത്. ഇതില്‍ കെ. സുരേന്ദ്രനും കുമ്മനം രാജശേഖരനും മത്സരത്തിനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്. കാസര്‍ഗോഡ് നിന്ന് മത്സരിക്കുന്ന എം.എല്‍. അശ്വനി നിലവില്‍ അവിടെ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്.

ഡല്‍ഹിയില്‍ 5 ല്‍ നാലും പുതുമുഖങ്ങള്‍

ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളില്‍ അഞ്ചിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, മുന്‍ കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, രമേഷ് ബിദുരി എന്നിവരടക്കം നാല് സിറ്റിംഗ് അംഗങ്ങള്‍ക്ക് സീറ്റ് ലഭിച്ചില്ല. ചാന്ദ്‌നി ചൗക്കില്‍ നിന്ന് പ്രമുഖ ബിസ്സിനസ്സുകാരായ പ്രവീണ്‍ ഖണ്ഡേല്‍വാളിനെയും നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് മനോജ് തിവാരിയെയും സെന്‍ട്രല്‍ ഡല്‍ഹിയില്‍ നിന്ന് മുന്‍ വിദേശകാര്യ മന്ത്രി യശ്ശശരീരയായ സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജിനെയും വെസ്റ്റ് ഡല്‍ഹിയില്‍ നിന്ന് കമല്‍കിത് സെഹ്രാവത്തിനെയും സൗത്ത് ഡല്‍ഹിയില്‍ നിന്ന് രാംവീര്‍ ബിധുരിയെയുമാണ് മത്സരിപ്പിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിക്കാനാണ്. മുന്‍ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍ മദ്ധ്യ പ്രദേശിലെ വിദിഷയില്‍ നിന്നും ബിപ്ലബ് കുമാര്‍ ത്രിപുര വെസ്റ്റില്‍ നിന്നും മത്സരിക്കും.

BJP kerala lok-sabha election 2024