/kalakaumudi/media/post_banners/c8debdce36def430b54b1b0697a5e9a17ab2062ebcd9e17be168660e61500707.jpg)
വാഷിങ്ടണ്‍: യുഎസില്‍ 6 വയസ്സുകാരന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ 71 കാരന്‍ പിടിയില്‍. 71 കാരനായ ജോസഫ് സുബയാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കൊലപാതകം, വിദ്വേഷ കുറ്റകൃത്യങ്ങള്‍ എന്നിവ ചുമത്തി.
സംഭവത്തിന് ഇസ്രയേല്‍ ഹമാസ് യുദ്ധവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ആക്രമണത്തില്‍ മുസ്ലീം യുവതിക്കും കുത്തേറ്റു. കുട്ടിക്ക് 26 തവണ കുത്തേറ്റിട്ടുണ്ട്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ അമ്മയാണെന്ന് കരുതുന്ന 31 കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും ഇല്ലിനോയിസിലെ വില്‍കൗണ്ടി ഷെരീഫിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
ചിക്കാഗോയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് 40 മൈല്‍ അകലെയാണ് കൊലപാതകം നടന്നത്.ആക്രമണത്തിന് ഇരയായവരുടെ കൂടുതല്‍ വിവരങ്ങള്‍ ഷെരീഫ് പുറത്ത് വിട്ടിട്ടില്ല.
എന്നാല്‍ ആണ്‍കുട്ടി പാലസ്തീന്‍ അമേരിക്കന്‍ ആണെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് പറയുന്നു. ആക്രമണത്തിന് ഇരയായവര്‍ മുറിക്കുള്ളിലായിരുന്നുവെന്നും അവര്‍ക്ക് നെഞ്ച്, ഉടല്‍ എന്നിവിടങ്ങളില്‍ നിരവധി തവണ കുത്തേറ്റതായും ഷെരീഫ് പ്രസ്താവനയില്‍ പറഞ്ഞു.