
ചെന്നെ: സിപിഎം സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ടു മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു എന്‍.ശങ്കരയ്യ. വിഎസിനൊപ്പം തലയെടുപ്പുള്ള നേതാവ്...
പനിയും ശ്വാസതടസവും കാരണം ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് എന്‍.ശങ്കരയ്യയുടെ അന്ത്യം. 102 വയസായിരുന്നു.
1964 ഏപ്രില്‍ 11 ന് നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പാര്‍ട്ടി ചെയര്‍മാന്‍ എസ് എ ഡാങ്കെയും അദ്ദേഹത്തിന്റെ അനുയായികളെയും ഐക്യ വിരുദ്ധതയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ആരോപിച്ച് ഇറങ്ങിപ്പോയ 32 ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാളായിരുന്നു ശങ്കരയ്യ.
1921 ജൂലായ് 15-ന് മധുരയിലാണ് ശങ്കരയ്യയുടെ ജനനം. അഞ്ചാം ക്ളാസുവരെ പഠനം തൂത്തുക്കുടിയില്‍. പിന്നീട് മധുരയിലെ സെയ്ന്റ് മേരീസ് സ്‌കൂളില്‍. മധുരയിലെ അമേരിക്കന്‍ കോളേജില്‍ ബി.എ.യ്ക്ക് ചേര്‍ന്നു.
1937-ല്‍ മധുരയിലെ അമേരിക്കന്‍ കോളേജ് കാലഘട്ടത്തില്‍ ശങ്കരയ്യ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയിരുന്നു . സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ അവസാനപരീക്ഷയ്ക്ക് 15 ദിവസം മാത്രം ശേഷിക്കെ ബ്രിട്ടീഷ് സൈന്യം പിടികൂടി തടവിലാക്കി.
ഏഴ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ എട്ട് വര്‍ഷത്തോളം ജയില്‍വാസം. ഭഗത് സിങ്ങിന്റെ ത്യാഗത്തില്‍ ആവേശംകൊണ്ടാണ് ഒമ്പതാംവയസ്സില്‍ താന്‍ തെരുവിലേക്കിറങ്ങി മുദ്രാവാക്യം മുഴക്കിയതെന്ന് ശങ്കരയ്യ പറഞ്ഞിട്ടുണ്ട്.
പതിനേഴാംവയസ്സിലാണ് സി.പി.ഐ. അംഗമാകുന്നത്. തുടര്‍ന്ന് പാര്‍ട്ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി ശങ്കരയ്യയും ഉണ്ടായിരുന്നു. കയ്യൂര്‍ സഖാക്കളെ കാണാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ശങ്കരയ്യയും സഹതടവുകാരും ജയിലില്‍ അന്ന് പ്രതിഷേധം സംഘടിപ്പിച്ചു. ശങ്കരയ്യയുടെയും മറ്റു സഖാക്കളുടെയും മുദ്രാവാക്യങ്ങള്‍ക്കു നടുവിലൂടെയായിരുന്നു കയ്യൂര്‍ സഖാക്കള്‍ തൂക്കുമരത്തിലേക്ക് കയറിയത്.
1947 ഓഗസ്റ്റില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ട നിരവധി കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു ശങ്കരയ്യ.സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശങ്കരയ്യ പലതവണ ജയിലില്‍ പോയി. അത്രതന്നെ ഒളിവിലും...
1962-ല്‍ ഇന്ത്യ-ചൈന യുദ്ധസമയത്ത് ജയിലിലടയ്ക്കപ്പെട്ട കമ്യൂണിസ്റ്റുകാരുടെ കൂട്ടത്തിലും അദ്ദേഹമുണ്ട്. 1965-ല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ശ്രമമുണ്ടായപ്പോള്‍ പതിനേഴുമാസം ജയിലില്‍ കിടന്നു. ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തി.
1967 ല്‍ മധുര വെസ്റ്റ് മണ്ഡലത്തില്‍ നിന്നും 1977 ലും 1980 ലും മധുര ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും രണ്ട് തവണ തമിഴ്‌നാട് നിയമസഭയിലേക്ക് ശങ്കരയ്യ തെരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാട് നിയമസഭയില്‍ ആദ്യമായി തമിഴ് സംസാരിച്ചത് തങ്ങളുടെ കാലത്തായിരുന്നുവെന്നും ശങ്കരയ്യ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. 1952-ലായിരുന്നു അത്. അതുവരെ നിയമസഭയില്‍ തമിഴ് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.
അദ്ദേഹത്തിന്റെ രണ്ട് മക്കളായ ചന്ദ്രശേഖറും നരസിമ്മനും പാര്‍ട്ടി നേതാക്കളാണ്. നവമണിയാണ് ശങ്കരയ്യയ്യുടെ ഭാര്യ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
