/kalakaumudi/media/post_banners/5a39ac8b88dd654f5ebc32ad75be93b1d64cc9d7095048a8219a3c4517881e51.jpg)
ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ ഇനി ഭാരത് എന്ന് മതിയെന്ന് എന്‍സിഇആര്‍ടി പാനലിന്റെ ശുപാര്‍ശ. എന്‍സിഇആര്‍ടി ഏഴംഗ ഉന്നതതല സമിതിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് സമിതിയുടെ ചെയര്‍മാന്‍ പ്രൊഫ. സി.ഐ. ഐസക് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
എന്‍സിഇആര്‍ടിയുടെ സോഷ്യല്‍ സയന്‍സ് പാനലാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. പാനല്‍ തയ്യാറാക്കിയ സാമൂഹിക ശാസ്ത്ര ഫൈനല്‍ പൊസിഷന്‍ പേപ്പറിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഐസക് പറഞ്ഞു. ചരിത്ര പാഠപുസ്തകങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്താനായാണ് ഈ മാറ്റം. സമിതി ഐക്യകണ്‌ഠേനയാണ് ഈ തീരുമാനമെടുത്തത്.
പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരതം എന്ന് ഉപയോഗിക്കും. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഈ മാറ്റം നടപ്പിലാക്കാനാണ് സമിതി ശുപാര്‍ശ നല്‍കിയത്. മാര്‍ത്താണ്ഡവര്‍മ്മ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ രാജാക്കന്മാരുടെ ചരിത്രം കൂടുതലായി ഉള്‍പ്പെടുത്തുമെന്നും ഐസക് പറഞ്ഞു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്ഥാപനത്തിനും 1757 ലെ പ്ലാസി യുദ്ധത്തിനും ശേഷമാണ് ഇന്ത്യ എന്ന പദം സാധാരണയായി ഉപയോഗിക്കാന്‍ തുടങ്ങിയത്.
കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് തന്നെ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് ഉപയോഗിച്ച് തുടങ്ങിയിരുന്നു.