/kalakaumudi/media/post_banners/e5eca4d2f179fa92f5db29536de0d81f5ed7cc49ef8b0163e0891acc5726c8d2.jpg)
തിരുവനന്തപുരം: പുതുവത്സരഘോഷങ്ങള്‍ക്ക് തുടക്കമിട്ട് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവത്തിന് തുടക്കമായി. ജനുവരി രണ്ടു വരെയാണ് നഗരത്തില്‍ വസന്തോത്സവം നടക്കുന്നത്. പുഷ്പമേളക്ക് പുറമെ ദീപാലങ്കാരവും ഭക്ഷ്യമേളയും പെറ്റ്സ് പാര്‍ക്കും ട്രേഡ് ഫെയറും ഒരുക്കിയിട്ടുണ്ട്. കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കിയിരിക്കുന്നത്. 75000ത്തോളം ചെടികളാണ് വസന്തോത്സവത്തിന്റെ ഭാഗമാകാന്‍ എത്തിച്ചിരിക്കുന്നത്.
റോസ്, ആന്തൂറിയം, ഒര്‍ക്കിഡ്, ക്രൈസാന്ത്യം, ജമന്തി തുടങ്ങി പുഷ്പങ്ങളുടെ നീണ്ട നിര തന്നെ ഒരുക്കിയിട്ടുണ്ട്. റോസാപ്പൂക്കള്‍ കൊണ്ട് അണിയിച്ചൊരുക്കിയ കരടികളും പക്ഷികളും കാഴ്ചക്കാരില്‍ കൗതുകം ഉണര്‍ത്തും.
പൂര്‍ണമായും ക്യുറേറ്റ് ചെയ്ത ഒരു ഫ്ളവര്‍ഷോയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ 20 ഗാര്‍ഡനര്‍മാരെയാണ് ചെടികള്‍ പരിപാലിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇതിനു പുറമേ യൂറോപ്യന്‍ ഭവനങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ദീപാലംകൃതമാക്കിയ യൂറോപ്യന്‍ വീടും ഗാര്‍ഡനും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തും.
പെറ്റ്സ് പാര്‍ക്കില്‍ വിവിധയിനം മുയലുകള്‍, പക്ഷികള്‍, പൂച്ച, ആട്ടിന്‍കുട്ടികള്‍ തുടങ്ങിയവയെ പരിചയപ്പെടുന്നതിനും അവയുടെ കൂടുകളില്‍ കയറി ഓമനിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. നിശാഗന്ധിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. 30 പടുകൂറ്റന്‍ ക്രിസ്മസ് ബെല്ലുകളും വിവിധ തരം ഇന്‍ട്രാക്ടീവ് ലൈറ്റ് ഇന്‍സ്റ്റലേഷനും ദീപാലങ്കാരത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ശലഭോദ്യാനവും ശലഭ ഊഞ്ഞാലും തിരുവനന്തപുരത്തിന് പുതിയ അനുഭവമായി മാറും. കുട്ടികള്‍ക്ക് 50 രൂപയും മുതിര്‍ന്നവര്‍ക്ക് 100 രൂപയുമാണ് നിരക്ക്. കനകക്കുന്നില്‍ ആരംഭിച്ച ടിക്കറ്റ് കൗണ്ടറിലൂടെ പാസ് ലഭിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
