ടെക്നോപാര്‍ക്കില്‍ പുതിയ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് ഒരുങ്ങുന്നു

തലസ്ഥാന നഗരിയില്‍ പുതിയ മിക്‌സഡ് യൂസ് ടൗണ്‍ഷിപ്പ് 'നിയോപോളിസ്' ഒരുങ്ങുന്നു. പള്ളിപ്പുറത്തെ ടെക്നോപാര്‍ക്ക് ഫെയിസ് 4 ല്‍ ആണ് 158 ഹെക്ടര്‍ സ്ഥലത്ത് നിര്‍ദിഷ്ട ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ (ഒഎജിസി) പദ്ധതിയുടെ ആദ്യ ഘടകമായ ടൗണ്‍ഷിപ് ഒരുങ്ങുന്നത്.

author-image
Web Desk
New Update
ടെക്നോപാര്‍ക്കില്‍ പുതിയ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് ഒരുങ്ങുന്നു

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ പുതിയ മിക്‌സഡ് യൂസ് ടൗണ്‍ഷിപ്പ് 'നിയോപോളിസ്' ഒരുങ്ങുന്നു. പള്ളിപ്പുറത്തെ ടെക്നോപാര്‍ക്ക് ഫെയിസ് 4 ല്‍ ആണ് 158 ഹെക്ടര്‍ സ്ഥലത്ത് നിര്‍ദിഷ്ട ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ (ഒഎജിസി) പദ്ധതിയുടെ ആദ്യ ഘടകമായ ടൗണ്‍ഷിപ് ഒരുങ്ങുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ക്യാപിറ്റല്‍ റീജിയന്‍ ഡെവലപ്മെന്റ് പ്രോജക്ട് (സിആര്‍ഡിപി)-കക, കേന്ദ്രത്തില്‍ നിന്നുള്ള 1,000 കോടി രൂപയുടെ സീഡ് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് പദ്ധതി വികസിപ്പിക്കുക.കേന്ദ്രത്തിന്റെ അന്തിമ അനുമതി ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെയും ടെക്നോപാര്‍ക്കിന്റെയും നേതൃത്വത്തില്‍ ടെക്നോപാര്‍ക്ക് ഫെയിസ് 4ല്‍ നിര്‍മിക്കുന്ന ക്വാഡ് പദ്ധതിക്ക് പുറമെയാണ് ടൗണ്‍ഷിപ്പ് പദ്ധതി നടപ്പാക്കുക.

ഭവന, നഗരവികസന മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ നേരത്തേ സമര്‍പ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 15-ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം റിപ്പോര്‍ട്ട് തേടിയത്. രാജ്യത്ത് ഒരു പുതിയ നഗരവും വികസിപ്പിച്ചിട്ടില്ല എന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നത്. അതിനാല്‍ എട്ട് സംസ്ഥാനങ്ങള്‍ക്ക് ഒരു പുതിയ നഗരം വികസിപ്പിക്കാന്‍ 8,000 കോടി രൂപ ഇന്‍സെന്റീവ് ഗ്രാന്റായി കമ്മീഷന്‍ അനുവദിച്ചു നല്‍കി.

എല്ലാ പുതിയ നഗരങ്ങളും സ്മാര്‍ട്ട് സിറ്റികളുടെ മാതൃകയില്‍ വികസിപ്പിക്കണം, കൂടാതെ പുതിയ നഗരങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ചലഞ്ച് മോഡില്‍ ആയിരിക്കുമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഈ ഫണ്ടിലൂടെ ഒരു സംസ്ഥാനത്തിന് ഒരു പുതിയ നഗരം മാത്രമേ അനുവദിക്കൂ.

നിയോപോളിസിന്റെ പ്രധാന തീം എയ്റോസ്പേസ് സാങ്കേതികവിദ്യയാണ്. ടൗണ്‍ഷിപ് നിര്‍മ്മിക്കാനുള്ള എട്ട് നഗരങ്ങളില്‍ ഒന്നായി തിരുവനന്തപുരത്തെ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും ഉടന്‍ അനുമതി നല്‍കുമെന്നും സിആര്‍ഡിപി സ്പെഷ്യല്‍ ഓഫീസര്‍ അജിത്കുമാര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

'നിയോപോളിസ് നിര്‍ദിഷ്ട ഒഎജിസിയുടെ ആദ്യ ഘടകമായിരിക്കും കേന്ദ്രം 1000 കോടി രൂപ സീഡ് ഫണ്ടായി നല്‍കുന്നത് ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ പണി തുടങ്ങാം. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ടെക്നോപാര്‍ക്ക് ഫെയിസ് 4 ലെ നിലവിലെ പദ്ധതികളും നിയോപോളിസിന്റെ കീഴില്‍ വരും, ''അദ്ദേഹം പറഞ്ഞു.

നിര്‍ദ്ദിഷ്ട ടൗണ്‍ഷിപ്പില്‍ പാര്‍പ്പിട കെട്ടിടങ്ങള്‍, മാളുകള്‍, വിനോദ സൗകര്യങ്ങള്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവ ഉണ്ടായിരിക്കും.റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ്, ഡാറ്റ അനലിറ്റിക്സ്, ബ്ലോക്ക്ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സമ്പൂര്‍ണ നഗരമായിരിക്കും ടൗണ്‍ഷിപ്പ്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍, അണ്ടൂര്‍ക്കോണം പഞ്ചായത്ത്, മംഗലപുരം പഞ്ചായത്ത്, സിആര്‍ഡിപി, ടെക്നോപാര്‍ക്ക് എന്നിവര്‍ ചേര്‍ന്ന് പ്രമോട്ട് ചെയ്യുന്ന സ്പെഷ്യല്‍ പര്‍പ്പസ് കമ്പനിയുടെ (എസ്പിസി) കീഴിലാണ് നിയോപോളിസ്. തിരുവനന്തപുരത്തെ ഒഎജിസി നിയോപോളിസ് സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ആഗോള കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

trivandrum news Technopark Latest News Township