/kalakaumudi/media/post_banners/7ebb51ffc68f1c7f6dd4481ac7c3d77ebfd67497f1270848d11edea59f12bd6e.jpg)
കെ.പി.രാജീവന്‍
ന്യൂഡല്‍ഹി: ചൈനീസ് ബന്ധത്തിന്റെ പേരില്‍ ആരോപണം നേരിടുന്ന ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ബന്ധമുള്ള 30 കേന്ദ്രങ്ങളില്‍ ഡല്‍ഹി പൊലീസിന്റെ റെയ്ഡ്. സി.പി.എം. ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെയും ഡല്‍ഹിയിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളിലും നൂറിലധികം സ്ഥാപനങ്ങളിലുമാണ് ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തിയത്. ആഗസ്റ്റ് 17 ന് കര്‍ശനമായ തീവ്രവാദ വിരുദ്ധ നിയമം, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) പ്രകാരം ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്താലാണ് റെയ്ഡ് നടന്നത്.
വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ഈ റെയ്‌ഡെന്ന് അധികൃതര്‍ അറിയിച്ചു. യെച്ചൂരിക്ക് സര്‍ക്കാര്‍ നല്‍കിയ കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്. ഡല്‍ഹി, നോയിഡ, ഗാസിയാബാദ് പ്രദേശങ്ങളിലെ 30 കേന്ദ്രങ്ങളിലായാണ് റെയ്ഡ്. എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി തുടങ്ങിയവരുടെ വീടുകളിലാണ് റെയ്ഡ്. ഡല്‍ഹിയിലും മറ്റും നടന്ന റെയ്ഡിന് അനുബന്ധമായി ടീസ്ത സെതല്‍വാദിന്റെ മുംബൈയിലും റെയ്ഡ് നടന്നു.
ഡല്‍ഹി പൊലീസ് ടീസ്തയെ ചോദ്യം ചെയ്തതായും അറിയുന്നു. സര്‍ക്കാര്‍ അനുവദിച്ച വീട്ടില്‍ യെച്ചൂരി താമസിക്കുന്നില്ല. എന്നാല്‍ ചൈനയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതായി ആരോപണമുയര്‍ന്ന ന്യൂസ് ക്ലിക്കിന്റെ പ്രതിനിധി ഇവിടെ താമസിക്കുന്നുണ്ട്. യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് സൈറ്റുമായി ബന്ധമുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളിലായിരുന്നു പൊലീസ് പരിശോധന. മാദ്ധ്യമ പ്രവര്‍ത്തകരുടെ ലാപ്പ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌ക്കുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തു.
ഇന്നലെ രാവിലെ ആറ് മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. ഡല്‍ഹി പൊലീസ് സാമ്പത്തിക വിഭാഗം സ്‌പെഷ്യല്‍ വിംഗിലെ 500 ലധികം പൊലീസുകാര്‍ മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ഒക്ടോബര്‍ രണ്ടിന് അര്‍ദ്ധരാത്രിയും ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്ക് ലോധി കോളനിയിലെ സ്‌പെഷ്യല്‍ വിംഗ് ഓഫീസിലും ചേര്‍ന്ന യോഗത്തില്‍ 200 പോലിസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. റെയ്ഡ് വിവരം ചോരാതിരിക്കാന്‍ ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫീസില്‍ വാങ്ങി വെക്കുകയായിരുന്നു. ഡല്‍ഹി പൊലീസ് സാമ്പത്തിക വിഭാഗം സ്പെഷ്യല്‍ വിംഗ് റെയ്ഡ് ചെയ്യേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എ,ബി,സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. എ വിഭാഗത്തില്‍ പെട്ടവരെ കസ്റ്റഡിയിലെടുക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പൂര്‍കയസ്ത, മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ പ്രഞ്‌ജോയ് ഗുഹ താക്കുരാത, ന്യൂസ് ക്ലിക്ക് ജീവനക്കാരായ സുന്‍മിത് കുമാര്‍, ഊര്‍മ്മിലേഷ്, അഭിഷര്‍ ശര്‍മ്മ എന്നിവരെ ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹി പൊലീസ് സാമ്പത്തിക വിഭാഗം സ്പെഷ്യല്‍ സെല്‍ ഓഫീസിലേക്ക് കൊണ്ടുവന്നു. ഒപ്പം മറ്റ് ചില മാദ്ധ്യമ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ന്യൂസ് പോര്‍ട്ടലിന് ലഭിച്ചത് 38.05 കോടി
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ചൈനയുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ന്യൂസ് പോര്‍ട്ടലിന് 38.05 കോടി രൂപ ലഭിച്ചതായി നേരത്തെ ഇഡി കണ്ടെത്തിയിരുന്നു. ഈ തുക എന്തിന് വേണ്ടി ഉപയോഗിച്ചുവെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇത്തരത്തില്‍ ലഭിച്ച ഫണ്ട് ഗൗതം നവ് ലാഖ, ടീസ്റ്റ സെതല്‍വാദ്, അവരുടെ കൂട്ടാളികള്‍ തുടങ്ങിയവര്‍ക്കും നിരവധി വിവാദ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ലഭിച്ചതായാണ് ആരോപണം. ന്യൂസ് ക്ലിക്കില്‍ നിന്ന് ശമ്പളവും പ്രതിഫലവും കൈപ്പറ്റിയവരെ കുറിച്ചും അന്വേഷണം നടക്കുന്നു.
നേരത്തെ കേസെടുത്ത് ഇഡി, പ്രകാശ് കാരാട്ടിനെതിരെയും ആരോപണം
എഫ്‌സിആര്‍എ (ഫോറിന്‍ കോണ്‍ട്രിബ്യൂണ്‍ റെഗുലേഷന്‍ ആക്ട്) ലംഘിച്ച് ന്യൂസ് ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചതായി ആരോപിച്ച് ഇഡി ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലിനെതിരെ കേസെടുത്തിരുന്നു. ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിച്ചതെന്ന് ഇഡി വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന റിപ്പോര്‍ട്ടില്‍ ചൈനീസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ചൈനയില്‍ കഴിയുന്ന അമേരിക്കന്‍ ശതകോടീശ്വരനായ നെവില്‍ റോയ് സിംഗമില്‍ നിന്ന് ധനസഹായം സ്വീകരിച്ച ഒരു ആഗോള ശൃംഖലയുടെ ഭാഗമാണ് ഈ സ്ഥാപനമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സി.പി.എം നേതാവ് പ്രകാശ് കാരാട്ടും ഇഡി, ഡല്‍ഹി പൊലീസ് സാമ്പത്തിക വിഭാഗം സ്പെഷ്യല്‍ വിംഗ് എന്നിവയുടെ അന്വേഷണ റഡാറിലാണ്.
ഇഡിയുടെ അന്വേഷണത്തില്‍ ന്യൂസ് ക്ലിക്ക് ഡയറക്ടര്‍ പ്രബീര്‍ പുര്‍ക്ക യസ്ത, നെവില്‍ റോയ് സിംഗ എന്നിവര്‍ പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കളുമായും വിവിധ മാദ്ധ്യമ പ്രവര്‍ത്തകരുമായും ഇമെയില്‍ കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ന്യൂസ് ക്ലിക്കിന് നെവില്‍ റോയ് സിംഗ നല്‍കിയ ഫണ്ടിന് പകരം ന്യൂസ് ക്ലിക്ക് ഡയറക്ടര്‍ പ്രബിര്‍ പൂര്‍ക്കയസ്തയും സഹപ്രവര്‍ത്തകരും അവരുടെ വെബ് സൈറ്റില്‍ പെയ്ഡ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായും ഇഡി വ്യക്തമാക്കുന്നു. ടീസ്ത സെതല്‍വാദ്, മാദ്ധ്യമ പ്രവര്‍ത്തകന്‍ പരണ്‍ ജോയ് ഗുഹ, സി.പി.എം. ഐടി സെല്ലിലെ ബപാദിത്യ സിന്‍ഹ എന്നിവര്‍ ന്യൂസ് ക്ലിക്കില്‍ നിന്നും ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് സാമ്പത്തിക വിഭാഗം സ്പെഷ്യല്‍ സെല്‍ അന്വേഷണം ശക്തമാക്കിയത്.