/kalakaumudi/media/post_banners/65c7b024e9ff0709407161fcd5f4df0521b6ce02a04a6ef918d69f0618e646c6.jpg)
ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയുടെ ചെയര്‍പെഴ്‌സണായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുത്തു. എന്നാല്‍ ഇന്ത്യ മുന്നണി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അതേ സമയം മുന്നണിയുടെ കണ്‍വീനറായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചപ്പോള്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. തനിക്ക് ആ പദവിയോട് താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ കണ്‍വീനര്‍ പദവി സംബന്ധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം കൈക്കൊള്ളുമെന്നറിയുന്നു.
സഖ്യത്തില്‍ ചെയര്‍പെഴ്‌സണ് തൊട്ട് താഴെയുള്ള പ്രത്യേക പദവിയെന്ന് ഇന്ത്യ മുന്നണി വൃത്തങ്ങള്‍ പറഞ്ഞു. ശനിയാഴ്ച ഇന്ത്യ മുന്നണി നേതാക്കളുടെ വെര്‍ച്വല്‍ മീറ്റിംഗിലായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. ലോകസഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം, ഭാരത് ജോഡോ ന്യായ് യാത്രയിലെ ഇന്ത്യ മുന്നണി കക്ഷി നേതാക്കളുടെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനായി ചേര്‍ന്ന യോഗത്തിലാണ് മുന്നണി അദ്ധ്യക്ഷ, കണ്‍വീനര്‍ സ്ഥാനത്തേക്കുള്ള നിയമനം സംബന്ധിച്ച് തീരുമാനമുണ്ടായത്.
യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും പങ്കെടുത്തില്ല. എന്നാല്‍ ഖാര്‍ഗെയെ അദ്ധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്വാഗതം ചെയ്തതായി അറിയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഖാര്‍ഗെയെ മമത ബാനര്‍ജി നിര്‍ദേശിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഈ നിര്‍ദേശത്തെ പിന്തുണച്ചിരുന്നു. കണ്‍വീനര്‍ സ്ഥാനം നിരസിച്ച നിതീഷ് കുമാറിന്റെ നടപടി അടക്കം ശനിയാഴ്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന മമത ബാനര്‍ജിയുമായും അഖിലേഷ് യാദവുമായും ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും.
ദേശീയ തലത്തില്‍ ഇന്ത്യ മുന്നണി ഘടകകക്ഷികള്‍ തമ്മിലുള്ള ഐക്യം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. സംസ്ഥാനങ്ങളിലെ ഭിന്നതകള്‍ സഖ്യത്തെ ശിഥിലമാക്കുന്ന തരത്തിലേക്ക് വളരാന്‍ അനുവദിക്കരുതെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ സഖ്യത്തിന് ഒരു ചെയര്‍പെഴ്‌സണെ തിരഞ്ഞെടുക്കാനായത് മുന്നണിക്ക് ഒരു മുതല്‍ക്കൂട്ടാണെങ്കിലും സീറ്റു വിഭജനമാണ് ഏറ്റവും വലിയ ഒരു പ്രശ്‌നമായി മുന്നണിക്ക് മുമ്പാകെയുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശില്‍ സീറ്റുകള്‍ നല്‍കാതിരുന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധമുള്ള സമാജ് വാദി പാര്‍ട്ടി യു.പി യില്‍ നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് ചര്‍ച്ചകളും വഴിമുട്ടി നില്‍ക്കുകയാണ്. ഡല്‍ഹിയില്‍ നാല് സീറ്റും പഞ്ചാബില്‍ ഏഴ് സീറ്റും വേണമെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ എഎപി തയാറല്ല. ഡല്‍ഹിയിലും പഞ്ചാബിലും ഭരണകക്ഷിയായ തങ്ങള്‍ക്ക് ഭൂരിപക്ഷം സീറ്റുകളും വേണമെന്ന് എഎപി ആവശ്യപ്പെടുന്നു.
ബംഗാളില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യ മുന്നണിയിലെ കക്ഷിയായ സി.പി.എമ്മുമായി ഒരു തരത്തിലുള്ള സംഖ്യത്തിനും തയാറല്ലെന്നും സി.പി.എം. ഭീകര സംഘടനയുണെന്നുമാണ് മമത ബാനര്‍ജി പറയുന്നത്. മുന്നണിയിലെ കക്ഷികളുമായി ചര്‍ച്ച നടത്തി സമവായത്തിലെത്താനായി എല്ലാ ലോകസഭ മണ്ഡലങ്ങളിലേക്കും കോണ്‍ഗ്രസ് പാര്‍ട്ടി കോ- ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്.