/kalakaumudi/media/post_banners/633ec8311ebe68b413a8af9a88083234b693004e8bc88601c766d3520a648562.jpg)
പട്ന: മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഖാര്‍ഗയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ തനിക്ക് നിരാശയോ നീരസമോയില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം നതീഷിന്റെ ആദ്യപ്രതികരണമാണിത്.
യോഗത്തില്‍ നേതാവിനെ തീരുമാനിക്കുന്നത് സംബന്ധിച്ച ചര്‍ച്ച വന്നു. എനിക്ക് താത്പര്യമില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഒരു പേര് മുന്നോട്ടുവെച്ചു. അത് എനിക്കും എതിര്‍പ്പില്ലാത്തതായിരുന്നു. സീറ്റ് വിഭജനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇത് നേരത്തെ നടന്ന യോഗങ്ങളിലും വ്യക്തമാക്കിയതാണ്. ശരിയായ സമയത്ത് സംസ്ഥാന തലത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നാണ് വിശ്വാസം- നിതീഷ് കുമാര്‍ പറഞ്ഞു.പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി.
ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാളും നിര്‍ദേശത്തെ പിന്തുണച്ചു. എന്നാല്‍, നീക്കത്തില്‍ നിതീഷ് കുമാര്‍ അതൃപ്തനാണെന്നും, നിതീഷിനെ തഴയാനാണ് ഖാര്‍ഗയെ ഉയര്‍ത്തി കാണിച്ചതെന്നും ബി.ജെ.പി. ആരോപിച്ചിരുന്നു.