ഇന്ത്യയിലേക്ക് വിദേശികളുടെ കുത്തൊഴുക്ക്; ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ വിദേശികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വന്‍ വര്‍ധനവ്.2022-23 ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് 2022ലെ ഏഴ് മാസത്തെ വിദേശികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

author-image
Priya
New Update
ഇന്ത്യയിലേക്ക് വിദേശികളുടെ കുത്തൊഴുക്ക്; ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ വിദേശികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വന്‍ വര്‍ധനവ്.2022-23 ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് 2022ലെ ഏഴ് മാസത്തെ വിദേശികളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബംഗ്ലാദേശ്, അമേരിക്ക, യുകെ, എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഈ കാലയളവില്‍ അനധികൃതമായി താമസിച്ച 1,298 വിദേശികളെ തിരിച്ചയച്ചു.

2022 ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 38,34,984 വിദേശികളാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയത്.

ബംഗ്ലാദേശ്(8,42,869), യുഎസ്(8,05,692), യുകെ(3,75,157), ഓസ്‌ട്രേലിയ(1,84,343), കാനഡ(1,45,221), ശ്രീലങ്ക(1,11,455), നേപ്പാള്‍(88,460), ജര്‍മ്മനി(86,006), മലേഷ്യ(83,808), സിങ്കപ്പൂര്‍(78,888) എന്നിങ്ങനെയാണ് കണക്ക്.

ഈ കാലയളവില്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം വിദേശികളുടെ വരവ് 73.06 ശതമാനമാണ്. അതേസമയം, ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്ട്രഷന്‍ ഓഫീസര്‍മാര്‍ 1,298 വിദേശികളെ ഇവിടെ നിന്ന് തിരിച്ചയക്കുകയും ചെയ്തു.

നൈജീരിയ(645), ഉഗാണ്ട(178), ബംഗ്ലാദേശ്(163) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും.2021 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ മൊത്തം 15,24,469 വിദേശികളാണ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്.

ടൂറിസം മേഖലയുടെ ഉത്തേജനത്തിന് വേണ്ടി 2021 ഒക്ടോബര്‍ 16 മുതല്‍ 2022 മാര്‍ച്ച് 31 വരെ ആഭ്യന്തര മന്ത്രാലയം വിദേശ പൗരന്മാര്‍ക്ക് ഏകദേശം 3,13,414 ടൂറിസ്റ്റ് വിസകള്‍ സൗജന്യമായി അനുവദിച്ചിരുന്നു.

2022 ഫെബ്രുവരി 24-ന് ശേഷം എല്ലാ യുക്രൈന്‍, റഷ്യന്‍ പൗരന്മാര്‍ക്കുമുള്ള വിസ ആഭ്യന്തര മന്ത്രാലയം നീട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.2022 ഏപ്രില്‍ 1 മുതല്‍ 2022 സെപ്റ്റംബര്‍ 27 വരെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ആഭ്യന്തര മന്ത്രാലയം 902, 112 ലോംഗ് ടേം വിസ (എല്‍ടിവി)അനുവദിച്ചിട്ടുണ്ട്.

ഇതേ കാലയളവില്‍, ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി 8 ലോംഗ് ടേം വിസകളും അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

MHA india foreigner