/kalakaumudi/media/post_banners/b37bfb13b06a83d6f1e14dcf48231139d20fc623507a59f4b8820c8790c83899.jpg)
ന്യൂഡല്‍ഹി: ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഏഴാം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 100 5 ജി യൂസ് കേസ് ലാബുകള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഐ.ഐ.ടികളടക്കമുള്ള രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 5 ജി ലാബുകള്‍ നല്‍കിയിട്ടുണ്ട്.
2 ജിയുടെ കാലത്ത് രാജ്യത്ത് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാല്‍ ഞങ്ങളുടെ സര്‍ക്കാര്‍ രാജ്യത്ത് 4 ജി വ്യാപിപ്പിച്ചു. എന്നാല്‍ അത് നടപ്പാക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു കളങ്കവുമുണ്ടായില്ല. ഇനി 6 ജി സാങ്കേതിക വിദ്യയ്ക്ക് ഇന്ത്യ നേതൃത്വം നല്‍കുമെന്ന ആത്മവിശ്വാസമുണ്ട്-അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആദ്യ ഉപഗ്രഹാധിഷ്ഠിത ഗിഗാഫൈബര്‍ ഇന്റര്‍നെറ്റ് സേവനത്തിന് ജിയോ സ്‌പേസ് ഫൈബര്‍ പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ജിയോ പുതിയ സേവനം പുറത്ത് വിട്ടത്.
അത്യാധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ യുവതലമുറയുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെ ചടങ്ങില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ ആകാശ് അംബാനി പ്രശംസിച്ചു.
കാലഹരണപ്പെട്ട ഫോണുകള്‍ ജനം ചവറ്റുകുട്ടയിലെറിഞ്ഞു
കാലഹരണപ്പെട്ട മൊബൈല്‍ ഫോണുകള്‍ 2014 ല്‍ തന്നെ ഇന്ത്യയിലെ ജനങ്ങള്‍ ചവറ്റുകുട്ടിയിലെ റിഞ്ഞതായി പ്രധാനമന്ത്രി ചടങ്ങില്‍ ചൂണ്ടിക്കാട്ടി. പരോക്ഷമായി കോണ്‍ഗ്രസിനെ സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. 2014 വെറുമൊരു വര്‍ഷമായിരുന്നില്ല. അതൊരു വലിയ പരിവര്‍ത്തനം തന്നെയായിരുന്നു. റീസ്റ്റാര്‍ട്ട് ചെയ്യാനോ ബാറ്ററി മാറ്റുന്നതിന് പോലുമോ കഴിയാത്ത നിലയായിരുന്നു. അതൊക്കെ ജനങ്ങള്‍ 2014 ല്‍ ഒഴിവാക്കുകയും പകരം രാജ്യത്തെ സേവിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. ഇപ്പോള്‍ ആപ്പിളും ഗൂഗിളും പോലുള്ള വമ്പന്‍ കമ്പനികള്‍ രാജ്യത്ത് ഉല്പാദനത്തിനായി കാത്ത് നില്‍ക്കുകയാണ്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സ്പീഡ് നിലയില്‍ റാങ്ക് മെച്ചെപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചു. പ്രധാനമന്ത്രി വ്യക്തമാക്കി.