
ഇസ്ലാമാബാദ്: ഇറാനും പാകിസ്ഥാനും തമ്മില്‍ ആഴ്ചകളായി തുടരുന്ന പരസ്പര ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പരിഹാര നടപടികള്‍ക്കൊരുങ്ങി ഇരുരാജ്യങ്ങളും. സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതിന്റെ ഭാഗമായി പാകിസ്താന്‍ വിദേശകാര്യമന്ത്രി ജലീല്‍ അബ്ബാസ് ജിലാനിയും ഇറാന്‍ വിദേശമന്ത്രി ഹൊസ്സൈന്‍ അമിര്‍ അബ്ദുള്ളഹിയാനും വെള്ളിയാഴ്ച ഫോണില്‍ സംസാരിച്ചു.
പാകിസ്താനും ഇറാനും തമ്മിലുള്ളത് സഹോദരബന്ധമാണെന്നും ചര്‍ച്ചയിലൂടെ എല്ലാപ്രശ്‌നങ്ങളും പരിഹരിക്കുമെന്നും പാക് അഡീഷണല്‍ വിദേശകാര്യസെക്രട്ടറി റഹീം ഹയാത്ത് ഖുറേഷി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി അന്‍വറുള്‍ ഹഖ് കാകര്‍ പ്രത്യേക സുരക്ഷായോഗം വിളിച്ചുചേര്‍ത്തു. സൈനികമേധാവികളും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ച രാത്രിയാണ് പാകിസ്താനിലെ ബലൂചിസ്താനില്‍ സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടു കേന്ദ്രങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയത്. ബലൂചിസ്താനിലെ പഞ്ച്ഗുര്‍ താവളമാക്കി ജയ്ഷ് അല്‍ ആദില്‍ തങ്ങളുടെ സുരക്ഷാസേനകളെ ആക്രമിക്കുന്നു എന്നായിരുന്നു ഇറാന്റെ ആരോപണം.
പ്രതികാര നടപടിയായി ഇറാന്റെ സിസ്റ്റാന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള ബലൂച് ഗ്രൂപ്പുകളുടെ ഏഴോളം താവളങ്ങളില്‍ വ്യാഴാഴ്ച പാക് വ്യോമസേന ആക്രമണം നടത്തിയിരുന്നു.