/kalakaumudi/media/post_banners/0e52b28cb7dfe3e5058fdaf0b1187209ff03f6dfe1ae811b02e6c49e08006b32.jpg)
തിരുവനന്തപുരം: നവീകരണത്തിനൊരുങ്ങുന്ന പാളയം കണ്ണിമേറ മാര്‍ക്കറ്റില്‍ ഇനി വരാന്‍ പോകുന്നത് ആധുനിക സംവിധാനത്തോട് കൂടിയ അഞ്ചുനില കെട്ടിടം. ജനുവരി പകുതിയോടെ മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സ്മാര്‍ട്ട് സിറ്റി ജനറല്‍ മാനേജര്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
ആദ്യ നിലയില്‍ മത്സ്യ-മാംസ കച്ചവടമാണ് ഉണ്ടാവുക. അഞ്ചുനില കെട്ടിടത്തില്‍ 450 കടകള്‍ പ്രവര്‍ത്തിക്കുമെന്നാണ് വിവരം. കൂടാതെ മാര്‍ക്കറ്റിന് സമീപത്ത് മള്‍ട്ടി പാര്‍ക്കിംഗ് കേന്ദ്രം ഒരുക്കാനുള്ള തയ്യാറെടുപ്പും നടക്കുന്നുണ്ട്.
അതേസമയം, മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് ഡിസംബറോടെ സ്ഥലത്തെ കച്ചവടക്കാരെ താത്കാലികമായി പുനരധിവസിപ്പിക്കാനുള്ള ബ്ലോക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. മാര്‍ക്കറ്റിന് പിന്നില്‍ ട്രിഡയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഇതിനായുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്.
5990 ചതുരശ്ര അടിയിലാണ് ബ്ലോക്കുകള്‍ ഒരുങ്ങുന്നത്.മൂന്ന് ബ്ലോക്കുകളില്‍ 334ഓളം കച്ചവടക്കാര്‍ക്ക് സൗകര്യമൊരുക്കും. രണ്ടും മൂന്നും ബ്ലോക്കുകളില്‍ ഇലക്ട്രിക് വര്‍ക്കുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
രണ്ട് ബ്ലോക്കുകളുടെ പണി ഡിസംബര്‍ ആദ്യ ആഴ്ചയില്‍ പൂര്‍ത്തിയാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നത് അനുസരിച്ച് ഡിസംബറോടെ കച്ചവടക്കാരെ പൂര്‍ണമായും പുനരധിവസിപ്പിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
2906 ചതുരശ്രയടിയില്‍ നിര്‍മ്മിക്കുന്ന ഒന്നാമത്തെ ബ്ലോക്കില്‍ കോര്‍പറേഷന്റെ 205 കടകളാണുള്ളത്. രണ്ടാമത്തെ ബ്ലോക്ക് 2043 ചതുരശ്രയടിയിലും മൂന്നാമത്തെ ബ്ലോക്ക് 1039 ചതുരശ്രയടിയിലുമാണ് നിര്‍മ്മിക്കുന്നത്.
രണ്ടാമത്തെ ബ്ലോക്കില്‍ കോര്‍പറേഷന്റെ 95 കടകളും ട്രിഡയുടെ 11 കടകളുമാണുള്ളത്. ട്രിഡയുടെ 33 കടകളും മത്സ്യ സ്റ്റാളുകളുമാണ് മൂന്നാമത്തെ ബ്ലോക്കിലുള്ളത്. നിലവിലെ മാര്‍ക്കറ്റ് പൂര്‍ണമായി പൊളിച്ച് നീക്കി പുനരധിവസിപ്പിച്ച വ്യാപാരികളെ തിരികെ കൊണ്ടുവരുന്നതാണ് പദ്ധതി.