/kalakaumudi/media/post_banners/6c3f5ba15b7bbd93f0006ad300cc10b9a29dbf0b1bd707828c56c1b26989a0d1.jpg)
ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ നിഖില്‍ ഗുപ്തയെ സഹായിക്കാന്‍ ചെക്ക് റിപ്പബ്ലിക്കിലെ കോടതിയെ സമീപിക്കണമെന്ന് ഗുപ്തയുടെ കുടുംബത്തോട് സുപ്രീം കോടതി.
നിഖില്‍ ഗുപ്തയുടെ മതപരമായ അവകാശങ്ങളുള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും വിഷയത്തില്‍ ഇന്ത്യ ഇടപെടാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
ചട്ടവിരുദ്ധമായാണ് ഗുപ്തയുടെ അറസ്റ്റ് നടന്നതെന്നും അറസ്റ്റ് ചെയ്യും മുമ്പ് ഔദ്യോഗികമായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിദേശകാര്യ മന്ത്രാലയം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു രാജ്യത്തെ അറസ്റ്റില്‍ സുപ്രീം കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അതത് രാജ്യങ്ങളിലെ കോടതികളെയാണ സമീപിക്കേണ്ടത്. കേസ് പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി.