
ന്യൂഡല്‍ഹി:ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി വീണ്ടും പ്രഖ്യാപനം. നിതീഷ്‌കുമാര്‍ ആണ് ഏറ്റവും യോഗ്യനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഇത്തവണ പ്രഖ്യാപിച്ചത് ഇന്ത്യ സഖ്യത്തില്‍ അംഗമായ ആര്‍.ജെ.ഡിയാണ്.
അടുത്ത പ്രധാനമന്ത്രി ബിഹാറില്‍ നിന്നായിരിക്കണമെന്ന് ആര്‍.ജെ.ഡി വക്താവും എം.എല്‍.എയുമായ ഭായി വീരേന്ദ്ര ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. ഇതിനായി അദ്ദേഹം വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തി വിവിധ കക്ഷി നേതാക്കളെ കണ്ടു. ഇതിന് ശേഷമാണ് നിതീഷിന്റെ അദ്ധ്യക്ഷതയില്‍ പ്രതിപക്ഷ സഖ്യത്തിന്റെ യോഗം ചേര്‍ന്നത്. അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിക്ക് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ നേതാവാണ് നിതീഷ് കുമാറെന്ന് ബിഹാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ മഹേശ്വര്‍ ഹസാരി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. ജെ.ഡി.യു നേതാക്കളും നിരന്തരമായി നിതിഷ് കുമാറിന് വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട്. ജെ.ഡി.യു നേതാക്കളായ ലാലന്‍ സിംഗ്, ലേസി സിംഗ്, ജമാ ഖാന്‍ എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാല്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നുമാണ് നിതീഷ് കുമാര്‍ വ്യക്തമാക്കുന്നത്.