/kalakaumudi/media/post_banners/f3f69b3a83d40c0c03b66c01d1dd154810acc5768ae160d2df760133d25cc3dd.jpg)
കെ.പി.രാജീവന്‍
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സുപ്രധാന നീക്കവുമായി ആര്‍.എസ്.എസ്.അയോദ്ധ്യയില്‍ 2024 ജനുവരി 22 ന് നടക്കുന്ന വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യവ്യാപക ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കാനാണ് ആര്‍.എസ്.എസ് നിര്‍ദ്ദേശം. എല്ലാവര്‍ഷവും നടത്താറുള്ള നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെ വിജയദശമി പ്രഭാഷണത്തിലാണ് ആര്‍.എസ്.എസ് സര്‍സംഘ ചാലക് ഡോ. മോഹന്‍ ഭഗവത് ഈ ആഹ്വാനം നടത്തിയത്. വിഗ്രഹപ്രതിഷ്ഠ സമയത്ത് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും ആഘോഷങ്ങളും പൂജകളും നടത്തണമെന്നാണ് ആര്‍.എസ്.എസ് മേധാവി സ്വയം സേവകര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
ശ്രീരാമ പ്രതിഷ്ഠയോടെ നമ്മുടെ മനസ്സ് അയോദ്ധ്യയാകണം. ഓരോ ഹൃദയത്തിലും ശ്രീരാമ വിഗ്രഹ പ്രതിഷ്ഠ നടക്കണം. സ്‌നേഹത്തിന്റെയും സദ്ഭാവത്തിന്റെയും അന്തരീക്ഷം ഉണ്ടാകണം. ഇതിനായി എല്ലാ സ്ഥലത്തും ചെറിയ ചെറിയ പരിപാടികള്‍ സംഘടിപ്പിക്കണം. ശ്രീരാമന്‍ ദേശീയ മൂല്യങ്ങളുടെ ആദരവിന്റെയും കര്‍ത്തവ്യ പാലനത്തിന്റെയും കരുണയുടെയും സ്‌നേഹത്തിന്റെയും പ്രതീകമാണ്.
2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. വികാരങ്ങള്‍ ആളിക്കത്തിച്ച് വോട്ട് നേടാനുള്ള ശ്രമങ്ങളാണ് പല ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നാല്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സ്വത്വവും പുരോഗതിയും കണക്കിലെടുത്ത് വോട്ട് ചെയ്യണം. അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രം, വെള്ളം, ശ്മശാനം തുടങ്ങി എവിടെയെങ്കിലും വിവേചനമുണ്ടെങ്കില്‍ അവസാനിപ്പിക്കണം. സ്വദേശി ആചരണം വീടുകളില്‍ നിന്ന് ആരംഭിക്കണം. ജി 20 ഇന്ത്യയില്‍ നടത്താന്‍ കഴിഞ്ഞതോടെ ഇന്ത്യയുടെ നയതന്ത്ര മികവ് ലോകത്തിന് കാണാന്‍ കഴിഞ്ഞു. ഇന്ന് ലോകം പ്രശ്‌നപരിഹാരത്തിനായി ഇന്ത്യയെ ഉറ്റു നോക്കുകയാണ്. ചന്ദ്രയാന്‍ ദൗത്യത്തെയും ഏഷ്യന്‍ ഗെയിംസിലെ നേട്ടത്തെയും മോഹന്‍ ഭഗവത് പ്രശംസിച്ചു.
കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ മാര്‍ക്‌സിനെ മറന്നുവെന്നും മാദ്ധ്യമങ്ങളെയും അക്കാദമികളെയും ഉപയോഗിച്ച് വിദ്യാഭ്യാസം, സാസ്‌കാരികം, രാജനീതി തുടങ്ങിയ മേഖലകളിലെല്ലാം തെറ്റിദ്ധാരണയും ഭിന്നതയും സൃഷ്ടിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും മോഹന്‍ ഭഗവത് ആരോപിച്ചു. രാജ്യത്തെ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിമാലയന്‍ പ്രദേശങ്ങളെ ഒറ്റ ഘടകമായി പരിഗണിക്കണം
അതിര്‍ത്തി സുരക്ഷയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും പശ്ചാത്തലത്തില്‍ ഹിമാലയന്‍ പ്രദേശങ്ങളെയാകെ ഒറ്റ ഘടകമായി പരിഗണിക്കണമെന്നും മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു. ഈ പ്രദേശത്തിന് ഭൂമിശാസ്ത്രപരവും രാഷ്ട്രതന്ത്രപരവുമായ പ്രാധാന്യമുണ്ട്. മണിപ്പൂരിലെ അവസ്ഥയ്ക്ക് പിന്നില്‍ ഒരുപാട് സംശയങ്ങളുണ്ട്. എന്ത് കൊണ്ടാണ് പൊടുന്നനെ ഇങ്ങനെ ഒരു സാഹചര്യമുണ്ടായത്. സംഘര്‍ഷത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചത്. വര്‍ഷങ്ങളായി സമഭാവത്തോടെ സേവനം ചെയ്യുന്ന ആര്‍.എസ്.എസിനെ മണിപ്പൂര്‍ സംഭവത്തിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചത് ആരാണ്? മോഹന്‍ ഭഗവത് ചോദിച്ചു.
ചടങ്ങില്‍ ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവന്‍ മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.