നിതീഷിന്റെ പിണക്കം മാറ്റാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രിയും ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാവുമായ നിതീഷ് കുമാറിന്റെ പിണക്കം മാറ്റാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശ്രമം തുടങ്ങി

author-image
Web Desk
New Update
നിതീഷിന്റെ പിണക്കം മാറ്റാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രിയും ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാവുമായ നിതീഷ് കുമാറിന്റെ പിണക്കം മാറ്റാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശ്രമം തുടങ്ങി. വ്യാഴാഴ്ച രാത്രി രാഹുല്‍ നിതീഷിനെ വിളിച്ചെങ്കിലും ഒരു യോഗത്തില്‍ പങ്കെടുക്കുകയായിരുന്ന നിതീഷുമായി സംസാരിക്കാന്‍ രാഹുലിന് കഴിഞ്ഞില്ല. യോഗം കഴിഞ്ഞ് നിതീഷ് രാഹുലിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതിയുമായി ബന്ധപ്പെട്ട കൂടിയാലോചനകളിലായിരുന്നു. വെള്ളിയാഴ്ച രാത്രി വൈകി ഇരുവരും തമ്മില്‍ സംസാരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

ജനുവരി ആകുമ്പോഴേക്കും മുന്നണിയിലെ സീറ്റു ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിതീഷ് കുമാര്‍ പിണങ്ങിയാല്‍ അത് മുന്നണിയെ മൊത്തം ബാധിക്കുമെന്ന ആശങ്കയാണ് രാഹുലിന്റെ ധൃതിപിടിച്ച നീക്കത്തിന് പിന്നിലെന്നാണ് സൂചന. 28 പാര്‍ട്ടികളെ ഒരു കൂരയ്ക്ക് കീഴില്‍ കൊണ്ടു വരുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവാണ് നിതീഷ് കുമാര്‍.

ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനമെങ്കിലും പ്രതീക്ഷിച്ച് ഇന്ത്യയുടെ നാലാം യോഗത്തിനെത്തിയ നിതീഷിന് മമത ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത് വലിയ ഇരുട്ടടിയായിരുന്നു. മമത ഇക്കാര്യം പ്രഖ്യാപിക്കുകയും അരവിന്ദ് കെജ്രിവാള്‍ പിന്തുണക്കുകയും ചെയ്തപ്പോള്‍ രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ അത് നിരുത്സാഹപ്പെടുത്താതതില്‍ നിതീഷിന് വലിയ പ്രതിഷേധമുണ്ട്. യോഗം കഴിഞ്ഞ ശേഷം സംയുക്ത വാര്‍ത്താ സമ്മേളനത്തിനും ഫോട്ടോ സെഷനും നില്‍ക്കാതെ നിതീഷ് കുമാര്‍ യോഗ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു.

യോഗം നടന്ന് കൊണ്ടിരിക്കെ തന്നെ ഇന്ത്യ മുന്നണിയിലെ ചില നേതാക്കളുമായി നിതീഷ് കൊമ്പുകോര്‍ത്തതായും വാര്‍ത്തയുണ്ട്. ഇന്ത്യ മുന്നണിയുടെ പേര് ഭാരത് എന്നാക്കണമെന്നും തന്റെ ഹിന്ദിയിലുള്ള പ്രസംഗം തര്‍ജമ നടത്തണമെന്ന ഡി.എം.കെ നേതാക്കളുടെ ആവശ്യം തള്ളിക്കളയും ചെയ്ത് തന്റെ രോഷം നിതീഷ് കുമാര്‍ പ്രകടിപ്പിച്ചിരുന്നു. ഡി.എം.കെ നേതാക്കള്‍ക്ക് വേണ്ടി ഹിന്ദിയിലുള്ള പ്രസംഗം തര്‍ജമ ചെയ്യട്ടെയെന്ന് ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് നിതീഷ് ദേഷ്യപ്പെടുകയായിരുന്നു. ഇന്ത്യ മുന്നണിയുടെ പേര് ഭാരത് ആക്കണമെന്ന ആവശ്യം സോണിയ ഗാന്ധി അപ്പോള്‍ തന്നെ തളളിക്കളഞ്ഞു.

നവംബറില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് നിതീഷ് കുമാര്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ മാസം 29 ന് ജെ.ഡി.യുവിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചതും വലിയ അഭ്യൂഹങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ ഡല്‍ഹിയില്‍ നിശ്ചയിച്ച യോഗം പാറ്റ്‌നയിലേക്ക് മാറ്റുകയായിരുന്നുവെന്ന് ദേശീയ അദ്ധ്യക്ഷന്‍ ലാലന്‍ സിംഗ് അറിയിച്ചു.

rahul gandhi india Nitish kumar congress party