സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളം കയറി

തിരുവനന്തപുരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. രാത്രി മുഴുവന്‍ ശക്തമായി പെയ്ത മഴയ്ക്ക് രാവിലെയോടെയാണ് നേരിയ ശമനമുണ്ടായത്.

author-image
Web Desk
New Update
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളം കയറി

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. അഞ്ചു ദിവസം കൂടി മഴ തുടരാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പ്. മലയോരമേഖലയിലുള്ളവര്‍ക്കും തീരദേശമേഖലയിലുള്ളവര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പലയിടത്തും ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. രാത്രി മുഴുവന്‍ ശക്തമായി പെയ്ത മഴയ്ക്ക് രാവിലെയോടെയാണ് നേരിയ ശമനമുണ്ടായത്. തിരുവനന്തപുരത്ത് പലയിടത്തും വീടുകളില്‍ വെള്ളം കയറി.

കഴക്കൂട്ടത്ത് തെറ്റിയാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറിയതോടെ ആളുകളെ മാറ്റിപാര്‍പ്പിച്ചു. വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് പോത്തന്‍കോട് സ്വദേശിയായ യുവാവിന് പരിക്കേറ്റു. ശ്രീകാര്യത്ത് വീടിനു മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു. വെള്ളായണിയുള്‍പ്പെടെയുള്ള കാര്‍ഷികമേഖലകളില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.

വടക്കന്‍ ജില്ലകളില്‍ താരതമ്യേന മഴയ്ക്ക് ശക്തി കുറവാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ മഴയുണ്ടായില്ല.

yellow alert trivandrum rain alert Thiruvananthapuram heavy rain rain