/kalakaumudi/media/post_banners/9f5915a561b848491e874f1b8929656d9bf42acbc6599e4a725ac897b093fa75.jpg)
ശബരിമല: ശബരിമലയില്‍ ഇത് വരെ ലഭിച്ച നടവരവ് 204.30 കോടി രൂപയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഡിസംബര്‍ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങള്‍ എന്നിവ കൂടി എണ്ണിക്കഴിയുമ്പോള്‍ ഈ കണക്കില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.
കാണിക്കയായി ലഭിച്ചത് 63.89 കോടി (63,89,10,320) രൂപയാണ്. അരവണ വില്‍പനയില്‍ 96.32 കോടി രൂപ (96,32,44,610) രൂപയും, അപ്പം വില്‍പനയില്‍ 12.38 കോടി രൂപ (12,38,76,720) രൂപയും ലഭിച്ചു.
മണ്ഡലകാലം ആരംഭിച്ചത് മുതല്‍ ഡിസംബര്‍ 25 വരെ ശബരിമലയില്‍ 31,43,163 പേരാണ് ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബര്‍ 25 വരെ 7,25,049 പേര്‍ക്കു സൗജന്യ ഭക്ഷണം നല്‍കി. പമ്പാ ഹില്‍ടോപ്പില്‍ രണ്ടായിരം ചെറുവാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തില്‍ അനുമതി തേടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
മണ്ഡലപൂജയ്ക്കുശേഷം ഡിസംബര്‍ 27- ന് വൈകിട്ട് 11 മണിക്കാണ് ശബരിമല നട അടക്കുന്നത്. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30- ന് വൈകിട്ട് വീണ്ടും നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13- നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14- ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും.
ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ 2.46-ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്ന് നട തുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും.15, 16, 17, 18, 19 തീയതികളില്‍ എഴുന്നുള്ളിപ്പും നടക്കും. 19- ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്ത് നടക്കും.
ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളരാജാവിനു മാത്രം ദര്‍ശനം. തുടര്‍ന്നു നട അടയ്ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
