/kalakaumudi/media/post_banners/7e73f474b22bf8ea3e0887f157daf1af7e13e0a2b003f5b227396f73c7957781.jpg)
ബി.വി.അരുണ്‍ കുമാര്‍
തിരുവനന്തപുരം: 91-ാം മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനങ്ങള്‍ക്ക് പരിസമാപ്തി. ഡിസംബര്‍ 30 മുതലാണ് സമ്മേളനങ്ങള്‍ തുടങ്ങിയത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് നടന്ന സമാപന സമ്മേളനം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം എം പി അധ്യക്ഷത വഹിച്ചു. കെ കെ ശൈലജ എം എല്‍ എ മുഖ്യപ്രഭാക്ഷണം നടത്തി.
മൂന്ന് ദിവസങ്ങളിലായി ഒന്‍പത് സമ്മേളനങ്ങളാണ് നടന്നത്. സാങ്കേതിക ശാസ്ത്രം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, തൊഴില്‍, വ്യവസായം, ടൂറിസം, സംഘാടനം, സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ സംഘടിപ്പിച്ച സമ്മേളനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എല്ലാ സമ്മേളനങ്ങളിലും മികച്ച ജനപങ്കാളിത്തമാണ് ഉണ്ടായത്.
ഡിസംബര്‍ 15 ന് ആരംഭിച്ച ശിവഗിരി തീര്‍ത്ഥാടനം ഈ മാസം അഞ്ചിനാണ് സമാപിക്കുന്നത്. സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷവും വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിയും ശിവഗിരി ഹൈസ്‌ക്കൂളിന്റെ ശതാബ്ദിയും മഹാകവി കുമാരനാശാന്റെ ദേഹവിയോഗത്തിന്റെ ശതാബ്ദിയും നടക്കുന്ന വേളയിലാണ് ഇത്തവണത്തെ ശിവഗിരി തീര്‍ത്ഥാടനവും നടക്കുന്നത്. ശിവഗിരി തീര്‍ത്ഥാടനത്തില്‍ വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.