/kalakaumudi/media/post_banners/67f5424818cb50a3998cb30a2c31e19c588e42140563f3950922bd3b41dcf524.jpg)
തിരുവനന്തപുരം: തലസ്ഥാനം സംസ്ഥാനത്തെ രണ്ടാം മെട്രോ റെയിലിനെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നു. ഡിപിആർ തയ്യാറാക്കുന്നതിന് മുന്നോടിയായി ഫീൽഡ് സർവേ ആരംഭിച്ചു. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി)യുടെ നേതൃത്വത്തിലാണ് ഫീൽഡ് സർവേ.
നേരത്തെ ലൈറ്റ് മെട്രോയും മറ്റുമാണ് തലസ്ഥാനത്തേക്ക് ആലോചിച്ചിരുന്നതെങ്കിലും കൊച്ചി മെട്രോ മാതൃകയിൽതന്നെ മെട്രോ നിർമിക്കാൻ പദ്ധതിയിടുകയായിരുന്നു. പള്ളിപ്പുറം മുതൽ നെയ്യാറ്റിൻകരവരെ രണ്ടുഘട്ടങ്ങളിലായാകും തിരുവനന്തപുരം മെട്രോ നിർമിക്കുക.
പള്ളിപ്പുറത്ത് നിന്ന് പള്ളിച്ചൽവരെ ആദ്യഘട്ടത്തിലും, പള്ളിച്ചൽ മുതൽ നെയ്യാറ്റിൻകരവരെ രണ്ടാംഘട്ടത്തിലും പദ്ധതി നടപ്പാകും. പള്ളിപ്പുറത്തുനിന്ന് ആരംഭിച്ച് കരമന, നേമം വഴി പള്ളിച്ചൽ വരെയും കഴക്കൂട്ടത്ത് നിന്ന് ഈഞ്ചയ്ക്കൽ വഴി കിള്ളിപ്പാലത്തേക്കും രണ്ട് ഇടനാഴികൾക്ക് ശുപാർശയുണ്ട്.
ഭാവിയിലെ ആവശ്യങ്ങൾ പരിഗണിച്ച് ആദ്യഘട്ടം ആറ്റിങ്ങൽവരെ നീട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ 27.4 കിലോമീറ്ററാണ് ഉൾപ്പെടുന്നത്. ടെക്നോസിറ്റി (പള്ളിപ്പുറം) മുതലാണ് ഈ ഘട്ടത്തിലുണ്ടാവുക.
രണ്ടാഘട്ടത്തിൽ 14.7 കിലോമീറ്ററാണ് ഉള്ളത്. ഈ ഘട്ടത്തിൽ പള്ളിച്ചൽ - നെയ്യാറ്റിൻകര (11.1 കി.മീ) ടെക്നോസിറ്റി - മംഗലപുരം (3.7കി.മീ), ഈഞ്ചയ്ക്കൽ - വിഴിഞ്ഞം (14.7കി.മീ) പാതകൾക്കും ശുപാർശയുണ്ട്.
തിരുവനന്തപുരം മെട്രോയ്ക്കായി പള്ളിപ്പുറം, പള്ളിച്ചൽ എന്നിവിടങ്ങളിലാണ് ഫീൽഡ് സർവേ തുടങ്ങിയിരിക്കുന്നത്. 41 കിലോമീറ്ററിൽ ലേസർ സർവേയാണ് നടത്തുക.
മൂന്ന് മാസത്തിനകം ഡിപിആർ തയ്യാറാക്കാൻ കൊച്ചി മെട്രോ ലിമിറ്റഡാണ് ഡിഎംആർസിയെ ചുമതലപ്പെടുത്തിയത്. ജനുവരിയിൽ ഡിപിആർ സർക്കാരിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ടെക്‌നോസിറ്റി, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം ജങ്ഷൻ, കാര്യവട്ടം, ഗുരുമന്ദിരം, പാങ്ങപ്പാറ, ശ്രീകാര്യം, പോങ്ങുംമൂട്, ഉള്ളൂർ, കേശവദാസപുരം, പട്ടം, പ്ലാമൂട്, പാളയം, തമ്പാലാനോർ, എന്നിവിടങ്ങളിലാണ് നിലവിൽ സ്റ്റേഷനുകൾ പദ്ധതിയിടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
