370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ; കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം: സുപ്രീം കോടതി

ജമ്മു കാശ്മീരിന് പ്രത്യേകപദവി അനുവദിക്കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. കാശ്മീരിന് പ്രത്യേക പദവി അവകാശപ്പെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്നും കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.

author-image
Web Desk
New Update
370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ; കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം: സുപ്രീം കോടതി

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേകപദവി അനുവദിക്കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. കാശ്മീരിന് പ്രത്യേക പദവി അവകാശപ്പെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്നും കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ നിന്ന് ഇത് സംബന്ധിച്ച് മൂന്ന് വിധികളാണുണ്ടായത്. ഇത് സംബന്ധിച്ച് ആദ്യ വിധി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് നടത്തിയത്. ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവര്‍ ഈ വിധിയോട് യോജിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും ജസ്റ്റിസ് സഞ്ജീവ് ഖന്നയും പ്രത്യേക വിധിയെഴുതി. ഇത്തരത്തില്‍ മൂന്ന് വിധികളാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്.

ജമ്മു കാശ്മീര്‍ ഇന്ത്യയോട് ചേര്‍ന്നപ്പോള്‍ പരമാധികാരവും ഇന്ത്യയ്ക്ക് അടിയറവച്ചതാണ്. ഭരണഘടന പ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമെയുള്ളു. കാശ്മീരിനെ രാജ്യത്തോട് കൂട്ടിച്ചേര്‍ക്കാനുള്ള നടപടികളുടെ തുടര്‍ച്ച മാത്രമാണ് 370-ാം അനുച്ഛേദം എടുത്ത് കളഞ്ഞ നടപടിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് നിയമസഭ നിലവിലില്ലാത്തതിനാല്‍ രാഷ്ട്രപതിക്കും പാര്‍ലമെന്റിനും ഈ വിഷയത്തില്‍ അധികാരമുണ്ടെന്നും കോടതി വിധിച്ചു. ജമ്മു കാശ്മീരിനെ രണ്ടായി വിഭജിച്ച നടപടിയും ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ തീരുമാനവും സുപ്രീം കോടതി അംഗീകരിച്ചു. ജമ്മു കാശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം അക്രമ സംഭവങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു.

നടന്നത് 16 ദിവസത്തെ വാദം

16 ദിവസം വാദം കേട്ടതിന് ശേഷമാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ജമ്മു കാശ്മീരിലെ സി.പി.എം. നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി ഉള്‍പ്പെടെ നല്‍കിയ 23 ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. പത്തര ദിവസം ഹര്‍ജിക്കാരും അഞ്ചര ദിവസം കേന്ദ്ര സര്‍ക്കാരും വാദം നടത്തി. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്‌മണ്യം, രാജീവ് ധവാന്‍, ദുഷ്യന്ത് ദവെ തുടങ്ങിയവര്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായി. കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരാണ് ഹാജരായത്. കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിച്ചവര്‍ക്ക് വേണ്ടി ഹരീഷ് സാല്‍വെ, രാകേഷ് ദ്വിവേദി, വി.ഗിരി, മഹേഷ് ജഠ്മലാനി എന്നിവരും ഹാജരായി.

കോടതി വിധി പറഞ്ഞ വിഷയങ്ങള്‍

370-ാം അനുച്ഛേദം നിലനില്‍ക്കുമോ?

370 റദ്ദാക്കാന്‍ ജമ്മു കാശ്മീര്‍ ഭരണഘടന അസംബ്ലിയുടെ ശുപാര്‍ശ വേണോ?

സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശമായി തിരിച്ചത് നിയമപരമാണോ?

ജമ്മു കാശ്മീര്‍ അതിന്റെ പരമാധികാരം നിലനിര്‍ത്തുന്നതാണോ?

അനുച്ഛേദം 367 ഉപയോഗിച്ച് ഭരണഘടനയെ ഭേദഗതി ചെയ്യാന്‍ കഴിയുമോ?

ജമ്മു കാശ്മീര്‍ ഭരണഘടന അസംബ്ലിയുടെ സ്ഥാനം നിയമസഭയ്ക്ക് ഏറ്റെടുക്കാനാകുമോ?

2024 സെപ്തംബര്‍ 30 നകം തിരഞ്ഞെടുപ്പ് നടത്തണം

സംസ്ഥാന പദവി എത്രയും വേഗം പുന:സ്ഥാപിക്കണമെന്നും സെപ്തംബര്‍ 30 നകം ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണം

ജമ്മു കാശ്മീരില്‍ 1980 മുതല്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഭരണകൂടവും മറ്റ് ബാഹ്യശക്തികളും നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അനുരഞ്ജനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണം. പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കുന്ന ട്രൂത്ത് ആന്റ് റികോണ്‍സിലേഷന്‍ കമ്മിറ്റി രുപീകരിക്കാനും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ശുപാര്‍ശ ചെയ്തു.

ശക്തമായ ഇന്ത്യ നിര്‍മ്മിക്കാന്‍ പ്രതീക്ഷ നല്‍കുന്ന വിധിയെന്ന് പ്രധാനമന്ത്രി

ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാര്‍ലമെന്റ് നടപടിയെ സുപ്രീം കോടതി ശരിവെച്ചിരിക്കുകയാണ്. കൂടുതല്‍ ശക്തമായ ഇന്ത്യ നിര്‍മ്മിക്കാന്‍ പ്രതീക്ഷ നല്‍കുന്ന വിധിയെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ അദ്ദേഹം വ്യക്തമാക്കി.

വിധി ദൗര്‍ഭാഗ്യകരമെന്ന് കാശ്മീരിലെ നേതാക്കള്‍

പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീം കോടതി വിധി നിരാശാജനകമെന്ന് കാശ്മീരിലെ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഗുലാം നബി ആസാദ്, മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഏറെ ദുഖകരവും നിരാശാജനകവുമാണ് വിധിയെന്ന് ഡമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് വ്യക്തമാക്കി. എന്നാല്‍ സുപ്രീം കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായും ആസാദ് പറഞ്ഞു.

ഈ വിധി ഇന്ത്യയുടെ തോല്‍വിയാണെന്ന് മെഹബൂബ മുഫ്തി പ്രതികരിച്ചു. നമ്മുടെ തോല്‍വിയല്ലെന്നും ഇന്ത്യയുടെ തോല്‍വിയാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വെറുതെയിരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഒന്നിച്ച് നിന്ന് പോരാടണം അവര്‍ വ്യക്തമാക്കി.

വിധിയില്‍ നിരാശരാണെങ്കിലും തോറ്റു പിന്മാറാന്‍ ഒരുക്കമല്ലെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു. പോരാട്ടത്തിന് ഞങ്ങളും സജ്ജരാണെന്ന് അദ്ദേഹം പറഞ്ഞു.

india Abrogation Of Article 370 jammu and kashmir Supreme Court