ന്യൂഡല്‍ഹി: പഞ്ചാബിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വൈക്കോല്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് സുപ്രീം കോടതി. വൈക്കോല്‍ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഒരു പരിഹാരമല്ല. നിയമം ലംഘിക്കുന്ന കുറ്റക്കാരായ കര്‍ഷകരുടെ വിളകള്‍ക്ക് മിനിമം താങ്ങുവില (എം.എസ്.പി) തടഞ്ഞുവയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ജസ്റ്റിസ് സഞ്ജയ്കിഷന്‍ കൗള്‍, ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഡല്‍ഹിയിലെ മലിനീകരണം സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.
നിങ്ങള്‍ നിയമലംഘകര്‍ക്കെതിരെ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യും. പിന്നീട് പിന്‍വലിക്കും. വൈക്കോല്‍ കാട് കത്തിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം എം.എസ്.പി നല്‍കില്ലെന്ന് തീരുമാനിക്കണം. കോടതി വ്യക്തമാക്കി. കര്‍ഷകരും സമൂഹത്തിന്റെ ഭാഗമാണ്. അവര്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാകണം. അതുകൊണ്ട് കര്‍ഷകരോട് സംസാരിച്ച് വൈക്കോല്‍ കത്തിക്കുന്ന സമ്പ്രദായം ഉപേക്ഷിക്കാന്‍ അവരെ പ്രേരിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു. നവംബര്‍ 21 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സുപ്രീം കോടതി
ഡല്‍ഹി സര്‍ക്കാര്‍ ഒറ്റ, ഇരട്ട നമ്പര്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി കൊണ്ട് വായു മലിനീകരണം നിയന്ത്രിക്കാന്‍ സഹായിക്കില്ലെന്ന് ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് ഇത് മൂലം ചെറിയൊരു മാറ്റം മാത്രമെ സാധ്യമാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി. വൈക്കോല്‍ കത്തിക്കുന്നത് നിര്‍ത്തി വെക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഒന്നും ചെയ്യാതെ ഒടുവില്‍ കോടതിയുടെ ചുമലില്‍ ചാരരുത്.
പഞ്ചാബിലെ കര്‍ഷകര്‍ സംഘടിതരാണ്. എന്ത് കൊണ്ടാണ് സര്‍ക്കാര്‍ കര്‍ഷകരുടെ സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാത്തത്. കോടതി ചോദിച്ചു. ആളുകളുടെ പ്രാര്‍ഥന ദൈവം കേട്ടത് കൊണ്ടാവും മഴ പെയ്തത്. അതിന് സര്‍ക്കാരിനോട് നന്ദി പറയേണ്ടതില്ല. കോടതി വ്യക്തമാക്കി.