മിടിക്കുന്ന ഹൃദയം നിര്‍ത്താനാകില്ല; 26 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭമലസിപ്പിക്കാനുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി

26 ആഴ്ച പിന്നിട്ട ഗര്‍ഭമലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന രണ്ട് കുട്ടികളുടെ അമ്മയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. മിടിക്കുന്ന കുഞ്ഞിനെ ഇല്ലാതാക്കാന്‍ ഉത്തരവ് നല്‍കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

author-image
Web Desk
New Update
മിടിക്കുന്ന ഹൃദയം നിര്‍ത്താനാകില്ല; 26 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭമലസിപ്പിക്കാനുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: 26 ആഴ്ച പിന്നിട്ട ഗര്‍ഭമലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന രണ്ട് കുട്ടികളുടെ അമ്മയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. മിടിക്കുന്ന കുഞ്ഞിനെ ഇല്ലാതാക്കാന്‍ ഉത്തരവ് നല്‍കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരാഴ്ച്ചത്തെ ആലോചനകള്‍ക്ക് ശേഷമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദ്ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിധി പറഞ്ഞത്. എം.ടി.പി ആക്ട് പ്രകാരമുള്ള ഗര്‍ഭച്ഛിദ്രത്തിനുള്ള 24 ആഴ്ച്ചയെന്ന പരിധി കടന്നിരുന്നതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് ഉത്തരവ്

ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും തരത്തില്‍ വൈകല്യമുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എയിംസ് മെഡിക്കല്‍ ബോര്‍ഡിനെ സുപ്രീം കോടതി ചുമതലപ്പെടുത്തിയിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം സുപ്രീം കോടതി വ്യക്തമാക്കി. 26 ആഴ്ച്ചയും അഞ്ച് ദിവസവും പിന്നിടുന്ന ഗര്‍ഭം അലസിപ്പിക്കുന്നത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ടിന്റെ മൂന്ന്, അഞ്ച് ചട്ടങ്ങളുടെ ലംഘനമാകുമെന്ന് ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൃദയമിടിപ്പ് നിര്‍ത്തലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഉചിതമായ സമയത്ത് എയിംസില്‍ യുവതിക്ക് പ്രസവത്തിനുള്ള സൗകര്യമേര്‍പ്പെടുത്തണം. കുട്ടിയെ ദത്തെടുക്കാന്‍ വിട്ട് കൊടുക്കാന്‍ തയാറാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ മാതാപിതാക്കളെ സഹായിക്കും. ഇത് മാതാപിതാക്കളുടെ തീരുമാനം ആശ്രയിച്ചിരിക്കും.

ഇനിയൊരു കുഞ്ഞിനെ പോറ്റാനാകില്ലെന്ന് യുവതി

നിലവില്‍ രണ്ട് കുട്ടികളുടെ അമ്മയായ യുവതിക്ക് ഇനിയൊരു കുഞ്ഞിനെ വളര്‍ത്താന്‍ വിഷാദ രോഗമടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളുമുള്ളതിനാല്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറിലാണ് യുവതിയുടെ ഹര്‍ജി സുപ്രീം കോടതിയിലെത്തിയത്. ഹര്‍ജി പരിഗണിച്ച കോടതി ആദ്യം ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിദഗ്ധ സംഘത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി വീണ്ടും പരിഗണിച്ച ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് നാഗരത്ന എന്നിവരുടെ ബെഞ്ചില്‍ ഭിന്ന വിധികളുണ്ടായ പശ്ചാത്തലത്തില്‍ ഹര്‍ജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് മുമ്പാകെ വിടുകയായിരുന്നു.

india national news Supreme Court