/kalakaumudi/media/post_banners/bed48ad41261e18d1144c6d2d8b39e9a74f57889384add28fbe1bbe5c36d4726.jpg)
ഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു.
ഭരണഘടന അസംബ്ലി ഇല്ലാതായപ്പോള്‍ അനുച്ഛേദം 370 നല്‍കിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി. ജമ്മു കാശ്മീര് വിഭജനത്തിനും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനും അംഗീകാരം നല്‍കി.
ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെടുന്നു. ഭരണഘടനാഭേദഗതികള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമുണ്ട്.
രാഷ്ട്രപതി ഭരണത്തിലെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിക്ക് 370(3) പ്രകാരം 370 റദ്ദാക്കാന്‍ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
കാശ്മീരിന് എത്രയും വേഗം തന്നെ സംസ്ഥാന പദവി നല്‍കണം.2024 സെപ്റ്റംബറോടെ ഇവിടെ തെരഞ്ഞെടുപ്പും നടത്തണമെന്നും കോടതി പറഞ്ഞു. പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്തുള്ള 23 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
കേസില്‍ ഓഗസ്റ്റ് 2 മുതല്‍ വാദം കേട്ടിരുന്നുവെങ്കിലും സെപ്റ്റംബര്‍ 5 നാണ് വിധി പറയാന്‍ മാറ്റിയത്. കേന്ദ്രത്തെ പ്രതിനിധീകരിച്ച് അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഹരീഷ് സാല്‍വേ, രാകേഷ് ദ്വിവേദി, വി.ഗിരി എന്നിവരും ഹര്‍ജിക്കാര്‍ക്ക് വേണ്ടി കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ദുഷ്യന്ത് ദവെ, ഗോപാല്‍ ശങ്കരനാരായണന്‍, സഫര്‍ ഷാ എന്നിവരും കോടതിയില്‍ ഹാജരായി.
2019 ഓഗസ്റ്റ് അഞ്ചിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഭരണഘടനയിലെ 370ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്നതും ജമ്മുകശ്മീര്‍, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35എ വകുപ്പു പ്രകാരം പ്രത്യേക അവകാശം നല്‍കുന്നതും റദ്ദാക്കിയത്.
ഒക്ടോബര്‍ 31നു ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപപ്പെട്ടു. ജമ്മു കശ്മീരില്‍ അധികാര പദവി ഗവര്‍ണറില്‍നിന്നു ലഫ്. ഗവര്‍ണറിലേക്കു മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായി.