/kalakaumudi/media/post_banners/c476209155935668697fc74338810f269664f50cfe76de17c75cff8942919b0d.jpg)
പത്തനംതിട്ട: തിരക്ക് വര്‍ധിച്ചതോടെ ശബരിമല ദര്‍ശനം ലഭിക്കാതെ തീര്‍ത്ഥാടകര്‍ പന്തളത്ത് നിന്നും മടങ്ങുന്നു. മണിക്കൂറുകള്‍ കാത്ത് നിന്നെങ്കിലും ദര്‍ശനം ലഭിക്കാതെ വന്നതോടെയാണ് പന്തളത്തെ ക്ഷേത്രത്തില്‍ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീര്‍ത്ഥാടകര്‍ മാലയൂരി മടങ്ങുന്നത്.
തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ പന്തളത്ത് നിന്നും മടങ്ങിയത്. ദര്‍ശനം കിട്ടാതെ മടങ്ങുന്നവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്.
കെഎസ്ആര്‍ടിസി ബസുകള്‍ മണിക്കൂറുകള്‍ പിടിച്ചിടുന്നതിനാല്‍ പത്ത് മണിക്കൂറോളമാണ് പലര്‍ക്കും കാത്തിരിക്കേണ്ടി വരുന്നത്. പമ്പയില്‍ നിന്നും പത്ത് മിനിറ്റില്‍ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ കടത്തി വിടുന്നത്.
പല വാഹനങ്ങളും മണിക്കൂറുകളോളം കാനന പാതയില്‍ പിടിച്ചിട്ടിരിക്കുകയാണ്. പ്ലാപള്ളി ഇലവുങ്കല്‍ പാതയില്‍ ഉള്‍പ്പെടെ വനമേഖലയില്‍ കുടുങ്ങിപ്പോകുന്ന തീര്‍ത്ഥാടകര്‍ക്ക് വെള്ളവും ഭക്ഷണവുമൊന്നും ലഭിക്കുന്നില്ല. തിരക്കും നിയന്ത്രണവും തുടരുന്നതിനിടെ ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്.