വാരണാസി: വാരണാസിയിലെ സേവാപുരി ഡെവലപ്മെന്റ് ബ്ലോക്കിലെ ബര്‍കി ഗ്രാമത്തില്‍ വികാസ് ഭാരത് സങ്കല്‍പ് യാത്രയ്ക്കിടെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുന്നതിനിടെ ആകര്‍ഷകമായ രീതിയില്‍ പ്രസംഗിച്ച യുവതിയോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
'ലക്ഷപതി ദീദി' പദ്ധതിയുടെ ഗുണഭോക്താവായ ചന്ദാ ദേവിയോട് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. അപ്പോഴാണ് 'എത്ര നല്ല പ്രസംഗമാണ് നിങ്ങള്‍ നടത്തുന്നത്, നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?' എന്ന് പ്രധാനമന്ത്രി ചോദിച്ചത്. എന്നാല്‍ ഇല്ലെന്നായിരുന്നു യുവതിയുടെ മറുപടി.
'രാധാ മഹിളാ സഹായത' സ്വയം സഹായ സംഘത്തിലെ അംഗമാണ് ചന്ദാ ദേവി. 15,000 രൂപയുടെ പ്രാരംഭ വായ്പ ലാഭകരമായ ഒരു പച്ചക്കറി കൃഷി സംരംഭം ആരംഭിക്കാന്‍ തന്നെ പ്രാപ്തമാക്കിയതെങ്ങനെയെന്ന് ചന്ദാ ദേവി പ്രധാനമന്ത്രിയോട് വിവരിച്ചു.
സാമ്പത്തിക പരാധീനതയില്‍ നിന്ന് സ്വയം പര്യാപ്തത കൈവരിക്കുന്നതിനും തന്റെ കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും സംരംഭം സഹായിച്ചെന്നും പ്രധാനമന്ത്രി അംഗീകരിച്ച സര്‍ക്കാര്‍ പദ്ധതികളുടെ പിന്തുണയാണ് തന്റെ നേട്ടങ്ങള്‍ക്ക് കാരണമെന്നും ചന്ദാ ദേവി വിശദീകരിച്ചു.
'ഞങ്ങള്‍ നിങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കൊപ്പം ഞങ്ങള്‍ മുന്നേറുകയാണ്. നിങ്ങളുടെ മുന്നില്‍ സംസാരിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്.'ചന്ദാ ദേവി പറഞ്ഞു.