ഗുസ്തി താരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധം തുടരുന്നു

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിന്റെ അനുയായി സഞ്ജയ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടതിനെതിരെയുള്ള പ്രതിഷേധം തുടരുന്നു. ബധിര കായിക മത്സരങ്ങളിലെ ഗുസ്തി സ്വര്‍ണ മെഡല്‍ ജേതാവ് വിരേന്ദര്‍ സിംഗ് പത്മശ്രീ മടക്കി നല്‍കുമെന്ന് എക്‌സ് പ്ലാറ്റ് ഫോയിലൂടെ അറിയിച്ചു.

author-image
Web Desk
New Update
ഗുസ്തി താരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിന്റെ അനുയായി സഞ്ജയ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടതിനെതിരെയുള്ള പ്രതിഷേധം തുടരുന്നു. ബധിര കായിക മത്സരങ്ങളിലെ ഗുസ്തി സ്വര്‍ണ മെഡല്‍ ജേതാവ് വിരേന്ദര്‍ സിംഗ് പത്മശ്രീ മടക്കി നല്‍കുമെന്ന് എക്‌സ് പ്ലാറ്റ് ഫോയിലൂടെ അറിയിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറെയും നീരജ് ചോപ്രയെയും ടാഗ് ചെയ്ത് കൊണ്ടായിരുന്നു വിരേന്ദര്‍ സിംഗിന്റെ ട്വീറ്റ്.

സഞ്ജയ് സിംഗ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ ബൂട്ടുകള്‍ ഉപേക്ഷിച്ച് ഗുസ്തി വിടുന്നതായി സാക്ഷി മാലിക് പ്രഖ്യാപിച്ചിരുന്നു. സാക്ഷി മാലിക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റൊരു ഗുസ്തി താരമായ ബജ്‌റംഗ് പൂനിയ പത്മശ്രീ മടക്കി നല്‍കിയിരുന്നു.

എന്റെ സഹോദരിക്കും രാജ്യത്തിന്റെ മകള്‍ക്കും വേണ്ടി ഞാനും പത്മശ്രീ മടക്കി നല്‍കുകയാണെന്ന് വിരേന്ദര്‍ സിംഗ് പറഞ്ഞു. രാജ്യത്തെ പ്രമുഖ കായിക താരങ്ങളോട് തീരുമാനമെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജി, അങ്ങയുടെ മകളും എന്റെ സഹോദരിയുമായ സാക്ഷി മാലിക്കിനെ കുറിച്ച് എനിക്ക് അഭിമാനമാണ്. അദ്ദേഹം ചെയ്ത ട്വിറ്റില്‍ പറയുന്നു.

2005 ലെ സമ്മര്‍ ഡെഫ്‌ലിമ്പിക്‌സിലാണ് (ബധിര കായികതാരങ്ങള്‍ക്കുള്ള വിവിധ കായിക മത്സരങ്ങള്‍) വിരേന്ദര്‍ സിംഗ് സ്വര്‍ണം നേടിയത്. ഗംഗാ ഫയല്‍വാന്‍ എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന വിരേന്ദര്‍ സിംഗിന് 2021 ലാണ് പത്മശ്രീ ലഭിച്ചത്. 2015 ല്‍ അദ്ദേഹത്തിന് അര്‍ജുന അവാര്‍ഡും ലഭിച്ചു.

india sports wrestlers protest